ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് ജനുവരി 14, 15 തീയതികളില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  • 11/01/2025

ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് ജനുവരി 14, 15 തീയതികളില്‍ കൊച്ചിയില്‍ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കോണ്‍ക്ലേവിന് മുന്നോടിയായി ജനുവരി 13ന് രാവിലെ 10 മുതല്‍ രാജഗിരി കോളേജില്‍ 'സ്റ്റഡി ഇൻ കേരള' എന്ന വിഷയത്തില്‍ ഒരു പ്രീ-കോണ്‍ക്ലേവ് ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ടെന്നും കൊച്ചിയില്‍ നടത്തിയ വർത്ത സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗണ്‍സിലുമായി ചേർന്ന്, ജനുവരി 14, 15 തീയതികളില്‍ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയില്‍ (CUSAT) ആണ് ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 14ന് രാവിലെ 10.30ന് ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.

ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ബോസ്റ്റണ്‍ കോളേജ് പ്രൊഫസർ ഫിലിപ്പ് ജി. അല്‍ബാഷ് മുഖ്യപ്രഭാഷണം നടത്തും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാല്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, തുടങ്ങി ഭരണ രംഗത്തെയും അക്കാദമിക് രംഗത്തെയും പ്രമുഖർ ചടങ്ങില്‍ പങ്കെടുക്കും.

Related News