കോവിഡ് സാമ്പത്തിക പ്രധിസന്ധി, കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ നിരവധി പ്രോജെക്റ്റുകൾ റദ്ദാക്കുന്നു.

  • 18/07/2020

കുവൈറ്റ് സിറ്റി : കോവിഡ് സാമ്പത്തിക പ്രധിസന്ധി, കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ നിരവധി പ്രോജെക്റ്റുകളും ടെൻഡറുകളും റദ്ദാക്കുന്നു. ചെലവുചുരുക്കലിൻറെ ഭാഗമായി നടപ്പു സാമ്പത്തിക വർഷത്തിൽ കുവൈറ്റ് പെട്രോളിയം കോർപ്പറേഷനും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ബജറ്റിലെ അപ്രധാനമായ ടെണ്ടറുകളും കരാറുകളും റദ്ദാക്കുന്നതായി കെപിസി CEO ഹാഷെം അൽ ഹാഷെം അറിയിച്ചു.

സ്ഥിരമായ കോൺട്രാക്ടുകളിലും സ്വകാര്യ കോൺട്രാക്ടുകളിലെയും കൂടാതെ സബ് കോൺട്രാക്ടുകളിലെയും വിദേശികളുടെ സേവനം അവസാനിപ്പിക്കുന്നതും പുതിയ തീരുമാനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. കോവിഡ് 19 പാൻഡെമിക് മൂലം എണ്ണ വരുമാനത്തിൽ ഉണ്ടായ കുത്തനെയുള്ള ഇടിവ് ചെലവ് കുറയ്ക്കാനും സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാനും കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കെപിസി വ്യക്തമാക്കി.

തന്ത്രപ്രധാനമല്ലാത്ത പദ്ധതിയായി കണക്കാക്കി അഹ്മദി സിറ്റി കെട്ടിട പദ്ധതിയും ഉയർന്ന ചിലവ് കണക്കിലെടുത്ത് മറ്റു ചില പ്രോജക്ടുകളും റദ്ദാക്കിയതായും വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും, കൂടാതെ കുവൈറ്റ് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (KIPIC ) സെൻ‌ട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡറുമായുള്ള രണ്ട് വൻ കരാറുകളുടെ ലേലം നീട്ടുവാനും തീരുമാനിച്ചു. 551 ദശലക്ഷം ഡോളർ ചെലവുവരുന്ന ദബ്ബാബ സൗരോർജ്ജ പദ്ധതിയും അടുത്തിടെ റദ്ദാക്കിയിരുന്നു.

Related News