നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കുന്ന നടപടി താത്കാലികമായി നിര്‍ത്തി. സമാധി സ്ഥലം പൊളിക്കുന്നതിനെതിരെ കുടുബവും ഒരുവിഭാഗം നാട്ടുകാരും പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. ഗോപന്‍ സ്വാമിയുടെ കുടുംബത്തിന്റെ ഭാഗംകൂടി കേള്‍ക്കുമെന്ന് സബ് കലക്ടര്‍ പറഞ്ഞു.
അതേസമയം, കേസ് കോടതിയില്‍ നേരിടുമെന്ന് ഗോപന്‍സ്വാമിയുടെ കുടുംബം പറഞ്ഞു. ഗോപന്‍ സ്വാമിയുടെ സമാധിസ്ഥലം എന്ന പേരില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് അറ തുറക്കാനും പരിശോധന നടത്താനും കലക്ടര്‍ പൊലീസിന് അനുമതി നല്‍കിയിരുന്നു.
കല്ലറ തുറക്കാനായി പൊലീസ് എത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഗോപന്‍ സ്വാമിയുടെ ഭാര്യയും മക്കളും മരുമകളും സമാധിസ്ഥലത്ത് കിടന്ന് പ്രതിഷേധിച്ചു. ഓം നമശിവായ എന്ന പ്രാര്‍ത്ഥനയോടെയാണ് ഗോപന്‍ സ്വാമിയുടെ കല്ലറയ്ക്ക് മുന്നില്‍ സ്വാമിയുടെ വൃദ്ധയായ ഭാര്യ പ്രതിഷേധിച്ചത്. പിതാവ് സമാധിയിരിക്കുന്ന സ്ഥലമാണ്. വിശുദ്ധമായ സ്ഥലമാണിത്. സമാധിയെക്കുറിച്ച് പഠിച്ചിട്ടു വേണം സംസാരിക്കാന്‍. പൊലീസിന്റെ നടപടി ഏകപക്ഷീയമാണ്. തങ്ങളുടെ മരണത്തിനു ശേഷമേ കല്ലറ പൊളിക്കാന്‍ കഴിയൂവെന്നും മകന്‍ പറഞ്ഞു.
കല്ലറ പൊളിക്കുന്നതിനെതിരെ കുടുംബത്തെ അനുകൂലിക്കുന്ന ഏതാനും ഹൈന്ദവ സംഘടനകളും രംഗത്തു വന്നിരുന്നു. വീട്ടുകാരുടെ വിശ്വാസത്തിന്റെ പ്രശ്നമാണെന്നും, ഹൈന്ദവ വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അവര്‍ ആരോപിച്ചു. കല്ലറ പൊളിക്കുന്നത് ശരിയല്ലെന്നും, പൊലീസിന്റെ നീക്കത്തിനെതിരെ കോടതിയെ അടക്കം സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇവരുടെ സ്ഥലം വഴിക്ക് വിട്ടുകൊടുക്കണമെന്നത് നേരത്തെ വീട്ടുകാര്‍ വിസമ്മതിച്ചിരുന്നു. ഇതാണ് നാട്ടുകാരുടെ പരാതിക്ക് പിന്നിലെന്നും കുടുംബത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. പൊലീസിന്റെ വാദം മാത്രമല്ല, വീട്ടുകാരുടെ നിലപാട് കൂടി കേള്‍ക്കാന്‍ സബ് കലക്ടര്‍ ബാധ്യസ്ഥനാണെന്ന് ഇവര്‍ വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?