'ദ്വയാര്‍ഥ പ്രയോഗമെന്ന് ഏതു മലയാളിക്കും മനസ്സിലാവും'; ബോബി ചെമ്മണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

  • 14/01/2025

ബോഡി ഷെയ്മിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്ന് ഹൈക്കോടതി. നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശത്തില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച്‌ കൊണ്ടുള്ള ഉത്തരവിലാണ് ബോഡി ഷെയ്മിങ്ങിനെതിരെ ഹൈക്കോടതി നിരീക്ഷണം നടത്തിയത്. കറുത്തത്, തടിച്ചത്, മെലിഞ്ഞത് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും മറ്റുള്ളവരെ കുറിച്ച്‌ അഭിപ്രായം പറയുമ്ബോള്‍ ജാഗ്രത വേണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. 


അമേരിക്കന്‍ മോട്ടിവേഷന്‍ സ്പീക്കര്‍ സ്റ്റീവ് മാറബോളിയുടെ വാക്കുകള്‍ കടമെടുത്ത് കൊണ്ടാണ് കോടതി ബോഡി ഷെയ്മിങ്ങിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. 'സ്ത്രീയെ രൂപം നോക്കി വിലയിരുത്തിയാല്‍, അത് അവളെയല്ല നിങ്ങളെ തന്നെയാണ് നിര്‍വചിക്കുക'- എന്ന മാറബോളിയുടെ വാക്കുകളാണ് ഹൈക്കോടതി ഉത്തരവില്‍ ഉദ്ധരിച്ചത്. 50000 രൂപയുടെ ബോണ്ടിലും തുല്യതുകയ്ക്കുള്ള രണ്ടു ആള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്ബോഴെല്ലാം ഹാജരാകണം. അന്വേഷണവുമായി ബോബി ചെമ്മണൂര്‍ സഹകരിക്കണം. ഈ കേസുമായി ബന്ധപ്പെട്ട് ആരെയെങ്കിലും സ്വാധീനിക്കാനോ, ഭീഷണിപ്പെടുത്താനോ പാടില്ല. സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Related News