'ചരിത്രപരം'; താലിബാൻ ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ പ്രകീര്‍ത്തിച്ച്‌ അഫ്ഗാൻ വുമണ്‍സ് മൂവ്മെന്‍റ്

  • 24/01/2025

താലിബാൻ ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന ഇന്റർനാഷണല്‍ ക്രിമിനല്‍ കോടതിയുടെ തീരുമാനത്തെ പ്രകീര്‍ത്തിച്ച്‌ അഫ്ഗാൻ വുമണ്‍സ് ഗ്രൂപ്പ്. ചരിത്രപരമായ തീരുമാനമെന്നാണ് അഫ്ഗാൻ വുമണ്‍സ് ഗ്രൂപ്പ് ഈ നീക്കത്തെ വിലയിരുത്തിയത്. അഫ്ഗാൻ സ്ത്രീകളുടെ ഇച്ഛാശക്തിയുടെ പ്രതീകമായി കണക്കാക്കുന്നുവെന്നും രാജ്യത്ത് നീതിയുടെ പുതിയ അധ്യായം ഇതുവഴി തുറക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അഫ്ഗാൻ വുമണ്‍സ് മൂവ്മെന്‍റ് വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിട്ടതിന് ഹിബത്തുള്ള അകുന്ദ്സാദ ഉള്‍പ്പടെയുള്ള രണ്ട് ഉന്നത താലിബാൻ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ഇന്റർനാഷണല്‍ ക്രിമിനല്‍ കോടതി ചീഫ് പ്രോസിക്യൂട്ടർ കരിം ഖാൻ ആവശ്യപ്പെട്ടിരുന്നു. 2021ല്‍ താലിബാൻ ഭരണം പിടിച്ചെടുത്തശേഷം പൊതു ഇടങ്ങളിലും ജോലി സ്ഥലങ്ങളിലും സ്ത്രീകളെ വിലക്കിയിരുന്നു.

കൂടാതെ ആറാം ക്ലാസുവരെ മാത്രമായിരുന്നു വിദ്യാഭ്യാസം ചെയ്യാനും അനുവദിച്ചിരുന്നത്. കോടതിയുടെ തീരുമാനത്തില്‍ ഇതുവരെയും താലിബാൻ ഭരണകൂടം പ്രതികരിച്ചിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് ദുരന്തവും പരിഹാസകരവുമാണെന്ന് അഫ്ഗാനിസ്താനിലെ യുഎൻ മിഷൻ അഭിപ്രായപ്പെട്ടിരുന്നു.

Related News