യാത്രക്കാർക്ക് ഷ്ലോനക് ആപ്പ് നിർബന്ധം;വിമാന സർവ്വീസ് ആരോഗ്യ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി

  • 20/07/2020

കുവൈറ്റ് സിറ്റി : വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ക്കുള്ള ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . വിമാന സർവ്വീസുകൾ വീണ്ടും തുടങ്ങുന്നതിന് മുന്നോടിയാണ് അധികൃതര്‍ ആരോഗ്യ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് വിമുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ 14 ദിവസത്തേക്ക് ക്വാറന്‍റൈനിലും പ്രവേശിക്കണം. ഓരോ രാജ്യങ്ങളില്‍ നിന്നും യാത്രകാരന്‍ യാത്ര പുറപ്പെടുന്നതിന് മുമ്പായി ആരോഗ്യ മന്ത്രാലയത്തിന്‍റെ സാക്ഷ്യ പത്രത്തില്‍ ഒപ്പു വെക്കണം. അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച പിസിആർ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ വിമാന കമ്പിനികള്‍ യാത്ര അനുവദിക്കുകയുള്ളൂ. വിമാനത്തില്‍ കയറുന്നതിന് മുമ്പായി ഷ്ലോനക് ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി യാത്രക്കാര്‍ രജിസ്റ്റര്‍ ചെയ്യണം. കയ്യുറുകളും മാസ്കുകളും ധരിക്കണമെന്നും യാത്രക്കാരുടെ താപനില പരിശോധിക്കണമെന്നും ഡി.ജി.സി.എയുടെ നിര്‍ദ്ദേശങ്ങളിലുണ്ട്. രാജ്യത്ത് എത്തുന്ന ഓരോ വിമാനത്തിലെയും പത്ത് ശതമാനത്തോളം യാത്രക്കാര്‍ക്ക് റാൻഡം (പിസിആർ) പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Related News