കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മരണം: സ്കൂളിലെ ക്ലര്‍ക്കിനെതിരെ ആരോപണവുമായി കുടുംബം

  • 14/02/2025

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാർഥിയുടെ മരണത്തില്‍ സ്കൂളിലെ ക്ലർക്കിനെതിരെ ആരോപണവുമായി കുടുംബം. കുട്ടിയെ ക്ലർക്ക് മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം ആർഡിഒക്ക് മുന്നില്‍ പറഞ്ഞു. പ്രൊജക്റ്റ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ സ്കൂളിലെ ക്ലർക്കുമായി വാക്കു തർക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയായ ബെൻസണ്‍ എബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.

കുറ്റിച്ചല്‍ സ്വദേശികളായ ബെന്നി ജോർജിന്റെയും സംഗീതയുടെയും മകനാണ് ആത്മഹത്യ ചെയ്ത എബ്രഹാം ബെൻസണ്‍. ഇന്നലെ രാത്രി കാണാതായ ബെൻസണെ രാവിലെ ആറുമണിയോടെയാണ് സ്കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രോജക്‌ട് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം മരണത്തിലേക്ക് നയിച്ചെന്ന് കുടുംബം ആരോപിക്കുന്നു. തർക്കം ഉണ്ടായ കാര്യം ബെൻസണ്‍ പറഞ്ഞിരുന്നതായി പ്രിൻസിപ്പല്‍ അറിയിച്ചു. രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ നിർദ്ദേശം നല്‍കിയിരുന്നതായും പ്രിൻസിപ്പല്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷമായി സ്കൂളില്‍ ജോലിചെയ്യുന്ന ക്ലാർക്ക് സനല്‍നെതിരെയാണ് ആരോപണം. ക്ലർക്കിനോട് വിശദീകരണം ചോദിക്കുമെന്ന് സ്കൂള്‍ അധികൃതർ പറഞ്ഞു. സംഭവത്തില്‍ ആരോപണ വിധേയനായ ക്ലർക്ക് ഇന്ന് അവധിയിലാണെന്നും വിഷയത്തില്‍ ക്ലർക്കിനോട് അന്വേഷിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും പ്രിൻസിപ്പള്‍ പ്രീത ആർ ബാബു പറഞ്ഞു. സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. VHSE ഡെപ്യൂട്ടി ഡയറക്ടർ ഉബൈദുള്ളക്കാണ് അന്വേഷണ ചുമതല. കുടുംബത്തിൻറെ ആരോപണം അന്വേഷിക്കാൻ പോലീസിന് നിർദ്ദേശം നല്‍കിയതായി ആർഡിഒ അറിയിച്ചു. മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി.

Related News