24 ആം വാർഷിക പൊതുയോഗം സംഘടിപ്പിച്ച് ‘സാന്ത്വനം കുവൈറ്റ്

  • 24/02/2025



കേരളത്തിലും കുവൈറ്റിലും ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായ "സാന്ത്വനം കുവൈറ്റ്", 24 ആം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡണ്ട് രാജേന്ദ്രൻ മുള്ളൂർ അധ്യക്ഷത വഹിച്ച യോഗം ഡോ. സുസോവന സുജിത് (കുവൈറ്റ് ക്യാൻസർ സെന്റർ) ഉദ്ഘാടനം ചെയ്തു. 

സെക്രട്ടറി സന്തോഷ്‌ കുമാർ എസ്. 2024 ലെ പ്രവർത്തന റിപ്പോർട്ടും ട്രഷറർമാരായ സുനിൽ ‌ചന്ദ്രനും വിനോദ് കുമാറും സാമ്പത്തിക റിപ്പോർട്ടും, ശശീന്ദ്രൻ ടി. എസ്. വോളന്റിയേഴ്സിന്റെ പ്രവർത്തന സമ്മറി റിപ്പോർട്ടും അവതരിപ്പിച്ചു. വാർഷിക പൊതുയോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും ജ്യോതിദാസ് പി. എൻ. സ്വാഗതവും റിഷി ജേക്കബ്ബ് നന്ദിയും രേഖപ്പെടുത്തി.

പിന്നിട്ട പ്രവർത്തന വർഷത്തിൽ 2067 അംഗങ്ങളുടെ പിന്തുണയോടെ, *1,529* *രോഗികൾക്ക്* *1 കോടി 71 ലക്ഷം*
രൂപയുടെ ചികിത്സാ-വിദ്യാഭ്യാസ-കുടുംബ സഹായ പദ്ധതികൾ നടപ്പിലാക്കിയെന്നും, കഴിഞ്ഞ 24 വർഷത്തെ പ്രവർത്തനത്തിനിടെ *19,172 രോഗികൾക്കായി* *18.61* *കോടിയിലേറെ* രൂപ ചികിത്സാ-വിദ്യാഭ്യാസ-കുടുംബ-ദുരിതാശ്വാസ സഹായങ്ങളായി ലഭ്യമാക്കുവാൻ കഴിഞ്ഞുവെന്നും ഭാരവാഹികൾ അറിയിച്ചു. 

ഇതിൽ പ്രധാനമായും നാട്ടിലെ പാവപ്പെട്ട രോഗികളും ഒപ്പം കുവൈറ്റിലെ ഗാർഹിക മേഖലയിലും അടിസ്ഥാന മേഖലയിലും ജോലിയെടുക്കുന്ന നിർധനരും, പ്രതിമാസ തുടർചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായി നാട്ടിൽ ദീർഘകാല ചികിത്സ ആവശ്യമായി വരുന്ന രോഗികൾക്കുള്ള പ്രതിമാസ പെൻഷനും, നേഴ്സിംഗ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിനായി സാമ്പത്തിക പ്രയാസം നേരിടുന്ന കുട്ടികൾക്കുള്ള പിന്തുണയും, ഗൃഹനിർമ്മാണത്തിനുള്ള സാമ്പത്തിക സഹായവും മറ്റും ഉൾപ്പെടുന്നു.  

ഓണത്തോടനുബന്ധിച്ചും മറ്റും കേരളത്തിലെ വിവിധ ഇടങ്ങളിലുള്ള അഗതി മന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, സ്പെഷ്യൽ സ്കൂളുകൾ എന്നിവിടങ്ങളിൽ പ്രത്യേക സഹായങ്ങളും സാന്ത്വനം എല്ലാ വർഷവും നൽകിപ്പോരുന്നുണ്ട്.

മുൻ വർഷത്തെ പ്രത്യേക സാമൂഹ്യ സുരക്ഷാ പദ്ധതിയായ, കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള ഫിസിയോതെറാപ്പി-റീഹാബിലിറ്റേഷൻ സെന്റർ, കരിന്തളത്ത് നിർമ്മാണം പൂർത്തീകരിച്ച്, നവംബർ മാസം മുതൽ നിർധന രോഗികൾക്ക് സൗജന്യ ചികിത്സ സേവനം നൽകിപ്പോരുന്നു. ഒപ്പം കഴിഞ്ഞ വർഷത്തെ പ്രത്യേക പദ്ധതിയായ, ഇടുക്കി ജില്ലയിലെ പശുപ്പാറയിൽ നിർമ്മിക്കുന്ന പാലിയേറ്റീവ്‌ കെയർ & കമ്മ്യൂണിറ്റി സെന്ററിന്റെ നിർമ്മാണം പുരോഗമിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. 

പുതിയ വർഷം നടപ്പിലാക്കുന്ന സ്പെഷ്യൽ പ്രൊജക്ട്കൾ ആയ, തിരുവനന്തപുരം ആർ സി സി യുടെ നേതൃത്വത്തിൽ കൊല്ലം നീണ്ടകര മേഖലയിൽ ക്യാൻസർ രോഗനിർണ്ണയത്തിനുള്ള മൊബൈൽ വാൻ സജ്ജമാക്കുക, വയനാട്ടിൽ ഒരു ഫിസിയോ തെറാപ്പി സെന്റർ സ്ഥാപിക്കുക എന്നീ പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞു. 

അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ, സംഘടനയുടെ അംഗങ്ങളും അഭ്യുദയകാംഷികളും, ഒപ്പം കുവൈറ്റിലെ സാമൂഹ്യ-സാംസ്‌കാരിക-സംഘടനാ രംഗത്തെ ഒട്ടനവധി പ്രമുഖ വ്യക്തികളും പങ്കെടുത്ത്‌ ആശംസകൾ നേർന്ന് സംസാരിച്ചു. 

കഴിഞ്ഞ വർഷത്തെ പ്രവർത്തന വിവരങ്ങൾ സമഗ്രമായി ഉൾക്കൊള്ളുന്ന വാർഷിക സുവനീർ, "സ്മരണിക 2024", സാന്ത്വനം ഉപദേശക സമിതിയംഗം ഡോ. അമീർ അഹ്‌മദിന് നൽകിക്കൊണ്ട് പ്രമുഖ നാടക പ്രവർത്തകൻ ഷെമേജ് കുമാർ പ്രകാശനം ചെയ്തു. അൽ മുല്ല എക്സ്ചേഞ്ച് കൺട്രി ഹെഡ് ഫിലിപ്പ് കോശി, സുവനീർ രൂപകൽപ്പന ചെയ്ത നാസർ, ഒപ്പം സാന്ത്വനം ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

സാന്ത്വനം കുവൈറ്റിന്റെ സിൽവർ ജൂബിലി വർഷമായ 2025 ലേക്കുള്ള സംഘടനയുടെ ഭാരവാഹികളായി, ജ്യോതിദാസ് പി. എൻ.- പ്രസിഡണ്ട്, സന്തോഷ്‌ കുമാർ പി.- ജന.സെക്രട്ടറി, ജിതിൻ ജോസ് - ട്രഷറർ എന്നിവരെയും, പുതിയ എക്സിക്യൂട്ടീവ്, വർക്കിംഗ്‌ കമ്മിറ്റി, ഉപദേശക സമിതി അംഗങ്ങളെയും വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു. അങ്ങനെ കൂടുതൽ സജീവമായ മറ്റൊരു മാനവസേവന വർഷത്തിലേക്ക്‌ സാന്ത്വനം കുവൈറ്റ്‌ പ്രവേശിച്ചു.

Related News