കുട്ടികൾക്കുള്ള വാക്സിന്‍ ഒഴിവാക്കുന്ന മാതാപിതാക്കൾക്കെതിരെ ക്രിമിനൽ കേസുടുക്കും

  • 21/07/2020

കുവൈത്ത് സിറ്റി: കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ് നൽകാൻ വിസമ്മതിക്കുകയോ ആരംഭിക്കുകയോ ചെയ്യാത്ത രക്ഷിതാക്കള്‍ക്കെതിരെ ക്രിമിനൽ കേസുടുക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ശിശു അവകാശ സംരക്ഷണ ഓഫീസ് മേധാവി ഡോ. മോനാ അൽ ഖാരി പറഞ്ഞു. കൃത്യസമയത്ത് വാക്സിനേഷൻ നൽകേണ്ടത് ഓരോ അമ്മയുടെയും അച്ഛന്റെയും രക്ഷിതാവിന്റെയും കടമയാണ്. എല്ലാ കുട്ടികൾക്കും പ്രതിരോധമരുന്ന് നൽകിയാൽ മാത്രമേ സമൂഹത്തിൽനിന്ന്‌ രോഗത്തെ തുരത്താൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ വാക്സിൻ ഉപയോഗിക്കാത്തവരിലൂടെ രോഗം തിരിച്ചെത്തും. അതൊഴിവാക്കാനാണ് ഇത്തരം മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നതെന്നും ഡോ:മോനാ ഓർമ്മിപ്പിച്ചു. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി രോഗപ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിട്ടില്ലെങ്കിൽ രക്ഷിതാക്കള്‍ക്കെതിരെ ശിശുസംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 83 പ്രകാരം ആറുമാസത്തെ തടവ് ശിക്ഷയോ ആയിരം ദിനാര്‍ പിഴയോ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ രാജ്യത്തുടനീളം ക്ലാസുകളും ബോധവത്കരണ കാമ്പയിനുകളുമാണ് നടന്ന് വരുന്നത്. പ്രതിരോധകുത്തിവെയ്‌പെടുക്കാത്ത കുട്ടികളിലാണ് രോഗവും രോഗലക്ഷണങ്ങളുമുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. ചില രക്ഷിതാക്കൾ കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നത് ഒഴിവാക്കിയ പരാതികള്‍ അതോറിറ്റിക്ക് ലഭിച്ചതായി ഡോ:മോനാ പറഞ്ഞു.

Related News