പൊലീസെത്തും മുൻപ് ഭാനുമതി വീട്ടില്‍ നിന്ന് ഇറങ്ങിയോടി, പിന്നാലെ പിടിയിലായി; വീട്ടില്‍ കണ്ടെത്തിയത് 5 കിലോ കഞ്ചാവ്

  • 18/03/2025

തെങ്കര ചിറപ്പാടത്ത് ഒരു വീട്ടില്‍ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി. പൊലീസ് നടത്തിയ റെയ്‌ഡിലാണ് ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ചതെന്ന് കരുതുന്ന കഞ്ചാവ് പിടികൂടിയത്. തെങ്കര സ്വദേശി ഭാനുമതിയുടെ വീട്ടില്‍ നിന്നാണ് പൊലീസ് കഞ്ചാവ് കണ്ടെടുത്തത്. എന്നാല്‍ റെയ്‌ഡ് സമയത്ത് ഭാനുമതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. പൊലീസ് വരുന്ന വിവരമറിഞ്ഞ് ഭാനുമതി വീട്ടില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഭാനുമതിയുടെ വീട്ടിലെത്തിയാണ് ഇടപാടുകാർ കഞ്ചാവ് വാങ്ങിയിരുന്നതെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഭാനുമതിയും മകളുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. നേരത്തെ ഭർത്താവ് ഇവരെ ഉപേക്ഷിച്ച്‌ പോയിരുന്നു. വീട്ടില്‍ വാറ്റ് ചാരായം വിറ്റാണ് നേരത്തെ ഭാനുമതി ജീവിച്ചിരുന്നത്. ഇതിന് ശേഷമാണ് കഞ്ചാവ് വില്‍പ്പനയിലേക്ക് കടന്നത്. 25 വ‍ർഷത്തോളമായി ഇവർ ലഹരി കച്ചവടം നടത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടിലെത്തുന്ന ആവശ്യക്കാർക്ക് ചെറു പൊതികളില്‍ കഞ്ചാവ് നല്‍കി വരുകയായിരുന്നു.

ഈ വില്‍പ്പന സംബന്ധിച്ച്‌ നാട്ടുകാരാണ് പൊലീസില്‍ വിവരം നല്‍കിയത്. പരിശോധനയ്ക്കായി പൊലീസ് എത്തുന്നതറിഞ്ഞ് വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ട ഭാനുമതി സമീപത്ത് തന്നെയുള്ള പൊന്തക്കാട്ടിലാണ് ഒളിച്ചിരുന്നതെന്നാണ് വിവരം. ഭാനുമതിയെ തിരഞ്ഞ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇനി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധനകളടക്കം പൂർത്തിയാക്കി കോടതിയില്‍ ഹാജരാക്കും. 

Related News