ഇ എം എസ്, എ കെ ജി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

  • 25/03/2025




കുവൈറ്റ്‌ സിറ്റി: ഇന്ത്യയിലെ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളുടെ സമാരാധ്യരായ നേതാക്കളായിരുന്ന ഇ എം എസ് - എ കെ ജി എന്നിവരെ അനുസ്മരിച്ചു കൊണ്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കല കുവൈറ്റ്‌ ആക്ടിങ്ങ് പ്രസിഡന്റ്‌ പി വി പ്രവീണിന്റെ അധ്യക്ഷതയിൽ മംഗഫ് കല സെന്ററിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗം സുരേഷ് കാട്ടാക്കട അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും ആധുനിക കേരളത്തിന്റെ ശില്പിയുമായ ഇ എം എസിന്റെയും, അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശപ്പോരാട്ടങ്ങൾക്കു വേണ്ടി സ്വയം സമർപ്പിച്ച "പാവങ്ങളുടെ പടത്തലവൻ" എന്നറിയപ്പെടുന്ന എ കെ ജിയുടെയും ഉജ്ജ്വല സ്മരണകൾ നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിൽ നമുക്കു കരുത്താകുമെന്ന് സഖാക്കളെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചവർ സൂചിപ്പിച്ചു. ഒട്ടനവധി വികസനപ്രവർത്തനങ്ങൾ നടത്തുക വഴി മൂന്നാം ഇടതുപക്ഷ സർക്കാർ എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ന് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും എന്നാൽ ഇതിനെതിരെ അനാവശ്യ സമരങ്ങൾ നടത്തിയും സംസ്ഥാനത്തിന്റെ സമ്പത്തീക വിഹിതം നൽകാതെയും ഈ വികസന പ്രവർത്തങ്ങൾക്ക് തടയിടാൻ പ്രതിപക്ഷവും സംഘപരിവാറും അടങ്ങിയ വലതുപക്ഷം നിരന്തരം ശ്രമിക്കുകയാണെന്നും ഇതിനെതിരെ മുഴുവൻ ജനാധിപത്യ മതേതര ശക്തികൾ ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ടെന്നും അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ വ്യക്തമാക്കി.

ലോക കേരള സഭ അംഗം ആർ നാഗനാഥൻ, ഐ എം സി സി പ്രതിനിധി സത്താർ കുന്നിൽ, കേരള കോൺഗ്രസ് എം പ്രതിനിധി ജോബിൻസ് ജോൺ, കലയുടെ മുതിർന്ന അംഗം സി കെ നൗഷാദ് എന്നിവർ കേരളത്തിന്റെ പ്രിയ സഖാക്കളെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടനവധി പേർ സമ്മേളനത്തിൽ പങ്കെടുക്കാനെത്തി. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് സ്വാഗതം ആശംസിച്ച സമ്മേളനത്തിന് ട്രഷറര്‍ പി ബി സുരേഷ് നന്ദി പ്രകാശിപ്പിച്ചു. ഫഹാഹീൽ മേഖല സെക്രട്ടറി സജിൻ മുരളിയും പരിപാടിയിൽ സംബന്ധിച്ചു.

Related News