വിസാ വിലക്ക് നിലനില്‍ക്കേ അയ്യായിരത്തോളം പാകിസ്ഥാനികൾ കുവൈത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്.

  • 22/07/2020

കുവൈറ്റ് സിറ്റി : വിസാ വിലക്ക് നിലനില്‍ക്കേ അയ്യായിരത്തോളം പാകിസ്താനികള്‍ പുതിയ വിസകളില്‍ കുവൈത്തില്‍ എത്തിയതായി അധികൃതര്‍ കണ്ടെത്തി. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യെമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രാഷ്ട്രീയ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് നേരത്തെ വിസ നിരോധനം ഏര്‍പ്പെടുത്തിയത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയിരിക്കുന്ന വിസാ വിലക്ക്, അതത് രാജ്യങ്ങളിലെ സാഹചര്യങ്ങളിലെ സുരക്ഷാസാഹചര്യം മെച്ചപ്പെടുമ്പോള്‍ പിന്‍വലിക്കുമെന്നാണ് കുവൈത്ത് സ്വീകരിച്ച നിലപാട്. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ വേണമെങ്കില്‍ കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതി വേണം. 2014 മുതൽ 2018 പകുതി വരെയുള്ള കാലഘട്ടങ്ങളില്‍ ഫാമിലി, ടൂറിസ്റ്റ്, സ്വകാര്യ, ബിസിനസ് വിസകളിലാണ് പാകിസ്താനികള്‍ രാജ്യത്ത് എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സന്ദർശന വിസകളിലൂടെ രാജ്യത്ത് എത്തിയ പലരും സ്വധീനം ഉപയോഗിച്ച് കുടുംബ വിസയിലേക്കൊ കമ്പിനി വിസയിലേക്കൊ മാറിയതായും കണ്ടെത്തി. അതിനിടെ ആയിരക്കണക്കിന് ഇറാഖികളും 2014-18 കാലയളവില്‍ സംശയാസ്പദമായ മാർഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും തെറ്റ് ചെയ്തവരെ ഉടന്‍ കണ്ടെത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Related News