60 വയസ്സിനു മുകളിലുള്ള വിദേശികള്‍ക്ക് താമസ രേഖ പുതുക്കില്ലെന്ന് സൂചന

  • 23/07/2020

കുവൈറ്റ് സിറ്റി : കൊറോണ പ്രതിസന്ധി ആരംഭിച്ചതുമുതൽ രാജ്യത്തിന് പുറത്തുള്ള 70,000 വിദേശികളുടെ കാലഹരണപ്പെട്ട വിസകൾ പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസി അഫയേഴ്‌സ് വകുപ്പ് നടപടികള്‍ ആരംഭിച്ചു. അർഹരായവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് അടുത്ത ആഴ്ചയോടെ തീരുമാനമെടുക്കുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പഠന റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തി രാജ്യത്തേക്ക് മടങ്ങുവാന്‍ അര്‍ഹതയുള്ളവരുടെയും ഇല്ലാത്തവരുടെയും പട്ടിക തയ്യാറാക്കും. ചില രാജ്യങ്ങളിലെ പാസ്‌പോർട്ട് ഓഫീസുകൾ കൊറോണ വൈറസ് ബാധ മൂലം അടച്ചിരിക്കുന്നതിനാൽ പ്രവാസികള്‍ക്ക് പുതിയ പാസ്‌പോർട്ടുകൾ നേടാനായില്ല. അത്തരക്കാരുടെ വിഷയങ്ങള്‍ അധികൃതര്‍ അനുഭാവത്തോടെ പരിഗണിക്കും. 60 വയസ്സിന് മുകളിലുള്ളവർ, വ്യാജ കമ്പനികളിലെ വിസക്കാര്‍,താമസരേഖ പുതുക്കുവാന്‍ വേണ്ടി മാത്രം കുടുംബ വിസയില്‍ രാജ്യം സന്ദര്‍ശിക്കുന്നവര്‍ ,സാമ്പത്തിക കുടിശ്ശിക ബാധ്യതകളിൽ അകപ്പെട്ടവർ തുടങ്ങിയവരുടെ രാജ്യത്തേക്കുള്ള മടങ്ങിവരവ് തടയും. രാജ്യത്തെ ജന സംഖ്യാ സന്തുലിതത്തം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച നടപടികൾക്കും നിലപാടുകൾക്കും അനുസൃതമായ രീതിയിലായിരിക്കും ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related News