താമസ സ്ഥലങ്ങളില്‍ സ്മോക്ക് ഡിറ്റക്ടറുകളും ഫയർ അലാറവും സ്ഥാപിക്കണമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഒമര്‍ അല്‍ മര്‍ഷൂദ്

  • 23/07/2020

കുവൈത്ത് സിറ്റി : താമസ സ്ഥലങ്ങളില്‍ സ്മോക്ക് ഡിറ്റക്ടറുകളും ഫയർ അലാറവും സ്ഥാപിക്കാൻ ജഹ്‌റ ഗവർണറേറ്റ് അഗ്നിശമന വിഭാഗം ഡയറക്ടർ ബ്രിഗേഡിയര്‍ ജനറല്‍ ഒമര്‍ അല്‍ മര്‍ഷൂദ് മാതാപിതാക്കളെ ഉപദേശിച്ചു. തീ അണയ്ക്കേണ്ടവിധവും തീപ്പിടിത്തമുണ്ടായാൽ പാലിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സ്ത്രീകൾക്കും കുട്ടികൾക്കും വീട്ടുവേലക്കാർക്കും പറഞ്ഞു കൊടുക്കണം. ഇതിനുള്ള പരിശീലന പരിപാടി അഗ്നിശമന വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഴക്കമുള്ള കെട്ടിടങ്ങളിൽ അഗ്നിസുരക്ഷ സംബന്ധിച്ച് പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ടന്നും ഒമര്‍ അല്‍ മര്‍ഷൂദ് പറഞ്ഞു. വേനല്‍ കാലം ആരംഭിച്ചതിനാല്‍ രാജ്യത്ത് നിരവധി അഗ്നിബാധകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വീടുകളിൽ സ്മോക്ക് ഡിറ്റക്ടര്‍ സ്ഥാപിക്കുന്നത് നിയമം മൂലം നിർബന്ധമാക്കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. രാജ്യത്ത് തീപിടിത്തമുണ്ടായ മിക്ക സംഭവങ്ങളിലും സ്മോക്ക് ഡിറ്റക്ടറിന് പുറമേ ഫയർ എക്സ്റ്റിങ്ഗ്വിഷറുകളും കണ്ടെത്താറില്ല. സ്മോക്ക് ഡിറ്റക്ടര്‍ ഉണ്ടെങ്കില്‍ കെട്ടിടങ്ങളില്‍ എവിടെയെങ്കിലും പുക ഉയര്‍ന്നാല്‍ ഈ സംവിധാനം അലാറം മുഴക്കി മുന്നറിയിപ്പ് നല്‍കുകയും തീപിടുത്തങ്ങളില്‍ ആളപായം കുറക്കുവാനും സാധിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Related News