മൂന്നാം ഘട്ടം ജൂലൈ 28 ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും

  • 23/07/2020

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവ് വരുത്തി സാധാരണ ജനജീവിത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച അഞ്ചു ഘട്ട പദ്ധതികളില്‍ മൂന്നാം ഘട്ടം ജൂലായ് 28 ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യം അനുസരിച്ച് ജൂലായ് 28 നു മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ ആരോഗ്യ മന്ത്രാലയം പച്ചക്കൊടി കാട്ടിയതായാണ് സൂചന.നിലവില്‍ ദൈനംദിന രോഗബാധിതരുടെയും തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെയും മരണമടയുന്നവരുടെയും എണ്ണത്തില്‍ അനുഭവപ്പെടുന്ന കുറവ്, രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധന മുതലായ ഘടകങ്ങള്‍ വിലയിരുത്തിക്കൊണ്ടാണു ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് അനുകൂല തീരുമാനം അറിയിച്ചിരിക്കുന്നത്.

മൂന്നാം ഘട്ട പദ്ധതിയില്‍ സര്‍ക്കാര്‍ ഏജന്‍സികളിലെയും സ്വകാര്യമേഖലയിലെയും ജീവനക്കാരുടെ പ്രവൃത്തിസമയവും മാനവശേഷിയും നിലവിലെ 30 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തും , ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകള്‍, ടാക്‌സികള്‍ എന്നിവയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു . ടാക്‌സി സര്‍വ്വീസ് പുനരാരംഭിക്കുമെങ്കിലും വാഹനത്തില്‍ ഒരു യാത്രക്കാരനെ മാത്രമേ കയറ്റാന്‍ പാടുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ മന്ത്രിസഭാ ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ ലഭ്യമാകും.

Related News