നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സനായിലെ ക്രിമിനല്‍ കോടതി ഇന്ന് പരിഗണിക്കും

  • 15/07/2025

യെമനിലെ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി ഇന്ന് സനായിലെ ക്രിമിനല്‍ കോടതി പരിഗണിക്കും. ഹർജി ലിസ്റ്റ് ചെയ്തതായി കോടതി അറിയിച്ചു. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടത്താൻ‌ നിശ്ചയിച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകള്‍ ഇന്നും നടക്കുമെന്നാണ് പുറത്തുവന്ന വിവരം.

കാന്തപുരം ഉള്‍പ്പെടെയുള്ള മതപണ്ഡിതർ ഇന്നലെ നടന്ന ചർച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ദയാധനം സ്വീകരിച്ച്‌ മാപ്പ് നല്‍കണമെന്ന നിർദേശത്തോട് കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം പ്രതികരണം അറിയിച്ചിരുന്നില്ല. അവസാനവട്ട ചർച്ച ഇന്നും തുടരുകയാണ്. അതേ സമയം, നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഇടപെട്ടത് നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ വേണ്ടിയാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രതികരിച്ചിരുന്നു. യമനിലെ പണ്ഡിതന്മാരെ ബന്ധപ്പെട്ടുവെന്ന് കാന്തപുരം പറഞ്ഞു.

വധശിക്ഷ വിധിച്ചവർക്ക് കുടുംബം ആവശ്യപ്പെടുന്ന പണം നല്‍കിയാല്‍ മാപ്പ് നല്‍കാൻ മതത്തില്‍ വ്യവസ്ഥ ഉണ്ടെന്നും അത് ഉപയോഗിക്കാനാണ് നീക്കം നടത്തിയതെന്നും കാന്തപുരം പ്രതികരിച്ചു. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി ഇന്ന് ചർച്ചയില്‍ പങ്കെടുക്കും. നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി നീട്ടി വെക്കാൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തും. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴിയാണ് ചർച്ച നടക്കുന്നത്. നിമിഷ പ്രിയ വിഷയത്തില്‍ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകള്‍ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് കാന്തപുരത്തിൻ്റെ ഓഫീസ് അറിയിച്ചു.

Related News