അശ്രദ്ധമായ ഓവര്‍ടേക്ക്, ചീറിപ്പാഞ്ഞ് ബസ് ഹോം ഗാര്‍ഡിന് നേര്‍ക്ക്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • 15/07/2025

അപകടകരമായി ഓവര്‍ടേക്ക് ചെയ്ത് ബസ് ഓടിച്ചത് തടയാന്‍ ശ്രമിച്ച ഹോംഗാര്‍ഡ് രക്ഷപ്പെട്ടത് തലനാരിഴക്ക്. സംഭവത്തില്‍ അശ്രദ്ധമായും മനുഷ്യജീവന് അപായം വരുത്തുന്ന രീതിയിലും ബസ് ഓടിച്ചതിന് (കെഎല്‍-58 ഇ-4329 )ബ്രീസ് ബസിന്റെ ഡ്രൈവര്‍ക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു.

തിങ്കളാഴ്ച വൈകീട്ട് 5:10 നാണ് കേസിനാസ്പദമായ സംഭവം. പഴയങ്ങാടി ബീവി റോഡില്‍ അണ്ടര്‍ ബ്രിഡ്ജിനടുത്ത് ഗതാഗത തടസം ഉള്ള സമയത്താണ് മാട്ടൂല്‍ ഭാഗത്ത് നിന്നും തെറ്റായ ദിശയില്‍ അപകടകരമായ വിധത്തില്‍ ബസ് വരുന്നത് കണ്ടത്.

ഗതാഗത തടസം നീക്കുവാന്‍ ശ്രമിക്കുകയായിരുന്ന ഹോം ഗാര്‍ഡ് രാജേഷ് നിര്‍ത്താന്‍ കൈ കാണിച്ചു. എന്നാല്‍ ബസ് നിര്‍ത്താതെ ഹോം ഗാര്‍ഡിന് സമീപത്തുകൂടി ചീറിപ്പാഞ്ഞ് പോവുകയായിരുന്നു. പെട്ടെന്ന് പിന്നോട്ട് ചാടി മാറിയതിനാലാണ് ഹോം ഗാര്‍ഡ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പഴയങ്ങാടി എസ് ഐ ഇ അനില്‍കുമാറിന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.

Related News