'ബംഗാളി സംസാരിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു, പശ്ചിമ ബംഗാള്‍ ഇന്ത്യയുടെ ഭാഗമല്ലേ?'; മമത ബാനര്‍ജി

  • 16/07/2025

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്ന ജനങ്ങളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച്‌ കൊല്‍ക്കത്തയില്‍ പ്രതിഷേധ മാര്‍ച്ച്‌. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജി ഉള്‍പ്പെടെയുള്ള പാർട്ടിയുടെ മുതിർന്ന നേതാക്കളും ആയിരക്കണക്കിന് ആളുകള്‍ക്കൊപ്പം തെരുവിലിറങ്ങി.

മധ്യ കൊല്‍ക്കത്തയിലെ കോളജ് സ്‌ക്വയറില്‍ നിന്ന് ഉച്ചയ്ക്ക് 1.45 ഓടെ ആരംഭിച്ച മാർച്ച്‌ ധർമ്മതലയിലെ ഡോറിന ക്രോസിംഗില്‍ അവസാനിക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ബാരിക്കേഡുകള്‍ സ്ഥാപിച്ച നടപ്പാതകളിലും സമീപ കെട്ടിടങ്ങളിലും ഏകദേശം 1,500 പൊലീസ് ഉദ്യോഗസ്ഥരും അണിനിരന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നഗരത്തിന്റെ മധ്യഭാഗങ്ങളിലെ ഒന്നിലധികം പ്രധാന റോഡുകളിലൂടെ വാഹന ഗതാഗതം വഴിതിരിച്ചുവിട്ടു.

"ബംഗാളി സംസാരിക്കുന്ന എല്ലാവരെയും ബിജെപി ബംഗ്ലാദേശി റോഹിങ്ക്യകള്‍ എന്ന് വിളിക്കുന്നു. റോഹിങ്ക്യകള്‍ മ്യാൻമറില്‍ താമസിക്കുന്നു. ഇവിടെ, പശ്ചിമ ബംഗാളിലെ എല്ലാ പൗരന്മാർക്കും ശരിയായ ഐഡി കാർഡുകളും തിരിച്ചറിയല്‍ രേഖകളും ഉണ്ട്. ബംഗാളിന് പുറത്തേക്ക് പോയ തൊഴിലാളികള്‍ സ്വന്തം റിസ്കിലല്ല പോയത്. അവർക്ക് കഴിവുകളുള്ളതുകൊണ്ടാണ് അവരെ ജോലിക്കെടുത്തിരിക്കുന്നത്. ബംഗാളി സംസാരിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു.

എന്തുകൊണ്ട്? പശ്ചിമ ബംഗാള്‍ ഇന്ത്യയുടെ ഭാഗമല്ലേ?" പ്രതിഷേധ മാർച്ചിനിടെ ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മമത ബാനർജി ചോദിച്ചു. ബംഗാളികളോടുള്ള ബിജെപിയുടെ മനോഭാവത്തില്‍ ഞാൻ ലജ്ജിക്കുന്നു, ഞാൻ നിരാശയിലാണ്...മമത കൂട്ടിച്ചേര്‍ത്തു.

Related News