'കാന്തപുരത്തിന്‍റെ ഇടപെടലുകളെ സുപ്രീംകോടതിയില്‍ കേന്ദ്രം എതിര്‍ത്തില്ല'; യെമനില്‍ പോകാൻ അനുവദിക്കുമെന്ന് പ്രതീക്ഷയെന്ന് അഭിഭാഷകൻ

  • 18/07/2025

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാൻ കേന്ദ്രം അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ. നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡ്വൈസർ സുഭാഷ് ചന്ദ്രന്‍. സർക്കാരുമായി ചേർന്നുള്ള പ്രവർത്തനങ്ങള്‍ക്കാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സർക്കാരിന്‍റെ രണ്ടു പ്രതിനിധികളും സംഘത്തില്‍ ഉണ്ടാവണമെന്ന് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14നാണ് ഇനി കേസ് പരിഗണിക്കുകയെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.

ആരുടെ പ്രവർത്തനങ്ങളാണ് ഫലം കാണുക എന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശമുണ്ടായിട്ടുണ്ട്. യാത്ര അനുമതിക്കായി നാല് പേർ അടങ്ങുന്ന പ്രതിനിധി സംഘത്തിന്‍റെ ലിസ്റ്റ് ഉടൻ തന്നെ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ കുറിച്ച്‌ സുപ്രീംകോടതിയില്‍ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഇടപെടലിനെ കുറിച്ച്‌ കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍ എതിർത്തില്ലെന്നും സുഭാഷ് ചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീം കോടതി ഇന്നാണ് അനുമതി നല്‍കിയത്. വധശിക്ഷ താല്‍ക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള ചർച്ചകള്‍ക്കായി യെമനിലേക്ക് യാത്ര ചെയ്യാൻ അനുമതി തേടാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. 'സേവ് നിമിഷ പ്രിയ ഇന്‍റർനാഷണല്‍ ആക്ഷൻ കൗണ്‍സില്‍' എന്ന സംഘടനയാണ് ഈ ആവശ്യം ഉന്നയിച്ചത്. സംഘടനയിലെ ഏതാനും അംഗങ്ങള്‍ക്കും കേരളത്തിലെ പ്രമുഖ സുന്നി നേതാവ് കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ പ്രതിനിധിക്കും യെമനിലേക്ക് പോകാൻ അനുമതിയാണ് സംഘടന തേടുന്നത്.

Related News