മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റാൻ തീരുമാനം; സ്കൂള്‍ മാനേജ്മെന്റ് ഇന്ന് അപേക്ഷ നല്‍കും

  • 18/07/2025

കൊല്ലം തേവലക്കരയില്‍ സ്കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റാൻ തീരുമാനമായി. സ്കൂള്‍ മാനേജ്മെന്റ് ഇന്ന് തന്നെ അപേക്ഷ നല്‍കും. മാറ്റുന്നതിനുള്ള ചിലവ് സ്കൂള്‍ മാനേജ്മെൻ്റ് വഹിക്കും.

മൂന്ന് ദിവസത്തിനുള്ളില്‍ നടപടി പൂർത്തിയാക്കും. ഫിറ്റ്നസ് ഇല്ലാത്ത ക്ലാസുകളില്‍ പഠനം ഉണ്ടാകില്ലെന്നും കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാന്റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ തീരുമാനിച്ചു.

മിഥുന്റെ സംസ്കാരം നാളെ നടക്കും. അഞ്ച് മണിക്ക് വിളന്തറ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. പത്ത് മണി മുതല്‍ 12 മണി വരെ മൃതദേഹം തേവലക്കര സ്കൂളില്‍ പൊതുദർശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നെടുമ്ബാശ്ശേരിയിലെത്തും.

ഇന്നലെ രാവിലെയാണ് തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്ബോഴാണ് ഷോക്കേറ്റത്. സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്കൂളിന് വീഴ്ച പറ്റിയെന്നും പ്രോട്ടോകോള്‍ പാലിച്ചില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടില്‍ പറഞ്ഞു.

Related News