മര്‍ദിച്ചിട്ടും തീരാത്ത പക; ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

  • 20/07/2025

തമിഴ്നാട്ടിലെ കരൂരില്‍ ആശുപത്രിയില്‍വെച്ച്‌ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കരൂരിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രുതി(27) യെയാണ് ഭർത്താവ് വിശ്രുത് കുത്തിക്കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയി.

ഞായറാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ സംഭവം. പ്രണയിച്ച്‌ വിവാഹിതരായ വിശ്രുതും ശ്രുതിയും തമ്മില്‍ ഏറെനാളായി വഴക്ക് പതിവായിരുന്നു. കഴിഞ്ഞദിവസവും ദമ്ബതിമാർ തമ്മില്‍ വീട്ടില്‍വെച്ച്‌ വഴക്കുണ്ടായി. തർക്കത്തിനിടെ ഭർത്താവില്‍നിന്ന് മർദനമേറ്റ ശ്രുതി ആശുപത്രിയില്‍ ചികിത്സതേടി. എന്നാല്‍, പക തീരാതെ ഭർത്താവ് ഞായറാഴ്ച പുലർച്ചെയോടെ ആശുപത്രിയില്‍ അതിക്രമിച്ചുകയറി ഭാര്യയെ ആക്രമിക്കുകയായിരുന്നു.

മൂന്നതവണയാണ് ശ്രുതിക്ക് കത്തികൊണ്ടുള്ള കുത്തേറ്റതെന്നാണ് വിവരം. സംഭവസമയം ആശുപത്രിയിലുണ്ടായിരുന്ന മിക്കവരും ഉറങ്ങുകയായിരുന്നു. ഇതിനിടെയാണ് പ്രതി ആശുപത്രിയില്‍ അതിക്രമിച്ചുകയറി ഭാര്യയെ കുത്തിക്കൊന്നത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഓടിരക്ഷപ്പെടുകയുംചെയ്തു. പ്രതിക്കായി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് തിരച്ചില്‍ ആരംഭിച്ചു.

Related News