സ്‌കൂളുകളില്‍ അടിയന്തര സുരക്ഷാ ഓഡിറ്റ്, മിഥുന്റെ കുടുംബത്തിന് മാനേജ്‌മെന്റ് 10 ലക്ഷം നല്‍കണം, ജോലി നല്‍കുന്നതും പരിഗണിക്കണം: മന്ത്രി ശിവന്‍കുട്ടി

  • 21/07/2025

കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഈ മാസം 25 മുതല്‍ 31 വരെ ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ട് പരിശോധന നടത്തും. ഇതു നിരീക്ഷിക്കാനായി വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചൊവ്വാഴ്ച (നാളെ ) തിരുവനന്തപുരം ശിക്ഷക് സദനില്‍ രാവിലെ 9.30 ന് ചേരും. യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ സംബന്ധിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മെയ് 13 ന് മുന്നൊരുക്കങ്ങള്‍ക്ക് മുന്നോടിയായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തും. 40 ഓളം നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്. വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേകം നിര്‍ദേശിച്ചിട്ടുള്ളതാണ്. സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ വൈദ്യുതി ലൈന്‍ പോകാന്‍ പാടില്ല എന്നതടക്കം വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട്.

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ മിഥുന്‍ എന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്ററെ മാത്രം ബലിയാടാക്കി എന്ന ആക്ഷേപം ശരിയല്ല. എഇ, മാനേജ്‌മെന്റ് തുടങ്ങിയവയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മിഥുന്റെ കുടുംബത്തെ സഹായിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം സ്‌കൂള്‍ മാനേജ്‌മെന്റ് അംഗീകരിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ നല്‍കാന്‍ മാനേജ്‌മെന്റ് സമ്മതിച്ചിട്ടുണ്ട്. ആ കുടുംബത്തിന്റെ അവസ്ഥ കണ്ടാല്‍ ഇതൊന്നും ഒരു സഹായമല്ല. മിഥുന്റെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും സ്‌കൂളില്‍ ജോലി നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

Related News