ശീതളപാനീയത്തില്‍ ലഹരി നല്‍കി ബോധം കെടുത്തി പീഡിപ്പിച്ചു, എൻഎസ്‍യു ഒഡിഷ പ്രസിഡന്‍റ് അറസ്റ്റില്‍; പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി അണികള്‍

  • 21/07/2025

19 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ‌എസ്‌യു‌ഐ) ഒഡീഷയിലെ പ്രസിഡന്റ് ഉദിത് പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വർ പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. മാർച്ച്‌ 18 ന് രാത്രിയില്‍ ശീതള പാനീയത്തില്‍ ലഹരി കലർത്തി ബോധംകെടുത്തിയാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചു. മഞ്ചേശ്വറിലെ ഹോട്ടലില്‍ വെച്ചാണ് സംഭവം നടന്നതെന്നും പരാതിയില്‍ പറയുന്നു.

ബലാത്സംഗം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. മാർച്ച്‌ 18 ന് ഭുവനേശ്വറിലെ മാസ്റ്റർ കാന്റീൻ ചൗക്കില്‍ സുഹൃത്തുക്കളുമായി കാറില്‍ സംസാരിച്ച്‌ കൊണ്ടിരിക്കുമ്ബോഴാണ് എൻ‌എസ്‌യു‌ഐയുടെ ഒഡീഷ യൂണിറ്റ് പ്രസിഡന്റായ ഉദിത് പ്രധാൻ എന്ന് പരിചയപ്പെടുത്തി ഉദിത് തന്നെ പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പറയുന്നു.

അയാള്‍ എന്റെ അടുത്തിരുന്ന് അനുചിതമായി സ്പർശിച്ചു. പിന്നീട് അവർ എന്നെ ഹോട്ടലിലേക്ക് കൊണ്ടുപോയി. മദ്യം നല്‍കിയെങ്കിലും നിരസിച്ചു. തുടർന്ന് ഉദിത് പ്രധാൻ എനിക്ക് ഒരു ഗ്ലാസ് ശീതളപാനീയം തന്നു. അത് കുടിച്ചപ്പോള്‍ തലകറക്കം അനുഭവപ്പെട്ടുവെന്നും ബോധം നഷ്ടപ്പെട്ടെന്നും പെണ്‍കുട്ടി പറഞ്ഞു. ബോധം തിരിച്ചു കിട്ടിയപ്പോള്‍ ഉദിത് പ്രധാൻ എന്റെ അരികില്‍ കിടക്കുന്നത് കണ്ടു. ശരീരമാകെ വേദനയായിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായെന്നും അവർ കൂട്ടിച്ചേർത്തു.

Related News