'ഇന്നത്തെ പ്രഭാതം അച്ഛന്‍ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്, നെഞ്ചേറ്റിയ ജനസഹസ്രങ്ങള്‍ക്ക് നന്ദി'; കുറിപ്പുമായി അരുണ്‍ കുമാര്‍

  • 24/07/2025

അന്തരിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടുള്ള കേരള ജനതയുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് മകന്‍ അരുണ്‍ കുമാര്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അരുണ്‍കുമാറിന്റെ പ്രതികരണം. ഇന്നത്തെ പ്രഭാതം അച്ഛന്‍ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്ന് തുടങ്ങുന്ന കുറിപ്പില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാര്‍ട്ടിയോട് നന്ദിപറയുന്നതായി അരുണ്‍ കുമാര്‍ പറയുന്നു.

കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലര്‍ത്തിയിരുന്നു. എന്നാല്‍ വിധിവിഹിതം മറിച്ചായിരുന്നു. വി എസിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയ പലര്‍ക്കും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. ഡോക്ടര്‍മാരുടെ നിയന്ത്രണങ്ങളായിരുന്നു ഇതിന് കാരണം. അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാന്‍ പോലും ഏറെ സമയമെടുത്തു.

പിന്നീടങ്ങോട്ട് നടന്നതെല്ലാം ഒരു സ്വപ്നംപോലെ മാത്രമാണ് ഓര്‍ക്കുന്നത്. വി എസിന് ഒപ്പം തിരുവനന്തപുരത്ത് നിന്നും വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കണ്‍മുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു എന്നും അരുണ്‍ കുമാര്‍ പോസ്റ്റില്‍ പറയുന്നു.

Related News