ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ പ്രതിക്ക് ജയിലിനകത്തു നിന്നോ മറ്റാരുടെയെങ്കിലുമോ സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പി നിധിന്‍രാജ്. ജയിലിലെ ഫെന്‍സിങ്ങിന് ഇലക്‌ട്രിസിറ്റി ഉണ്ടായിരുന്നില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതി ജയില്‍ ചാടിയത് അറിഞ്ഞത് ആറരയ്ക്ക് ശേഷമാണ്. വിവരം ഉടന്‍ പൊലീസ് സേനയിലാകെ കൈമാറിയെന്നും ഇയാളെ കണ്ടെത്താന്‍ നാട്ടുകാരുടെ ഇടപെടല്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ദിശയിലായിരുന്നു തെരച്ചില്‍. ജയില്‍ ചാടിയതില്‍ ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കുമെന്നും ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 4.15 ന് ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഇയാളെ കണ്ടെത്താന്‍ നാട്ടുകാരുടെ ഭാഗത്തും ജാഗ്രതയുണ്ടായി. കൃത്യമായ തെരച്ചില്‍ വിജയം കണ്ടു. മൂന്നര മണിക്കൂര്‍ കൊണ്ട് പ്രതിയെ പിടികൂടി. പ്രതിയെ പിടികൂടുമ്ബോള്‍ കൈയ്യില്‍ നിന്ന് ചില ആയുധങ്ങള്‍ പിടികൂടിയിട്ടുണ്ട്. ഇതെല്ലാം എങ്ങനെയാണ് ഉപയോഗപ്പെടുത്തിയതെന്ന് വിശദമായി അന്വേഷിക്കും.
സംഭവത്തില്‍ പൊതുജനത്തിന്റെ ഭാഗത്ത് നിന്ന് നിരവധി വിവരങ്ങള്‍ ലഭിച്ചു. തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ കിണറ്റില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടുകാര്‍ നല്‍കിയ വിവരമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. വിഷയത്തില്‍ സജീവമായി ജനം ഇടപെട്ടു. വിശ്വസനീയമായ വിവരം നല്‍കിയ മൂന്ന് പേരുണ്ട്. സാമൂഹ്യജാഗ്രത ഉയര്‍ത്തിയ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും നന്ദിയെന്നും കമ്മീഷണര്‍ പ്രതികരിച്ചു. ഗോവിന്ദച്ചാമിയെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?