ദേശീയപാത 66 കൊച്ചി മെട്രോയ്ക്ക് മുകളിലൂടെ കടന്നുപോകും; പാലാരിവട്ടത്ത് 32 മീറ്റര്‍ ഉയരത്തില്‍ ഫ്‌ളൈഓവര്‍

  • 28/07/2025

കേരളത്തിലെ ദേശീയ പാത 66 ന്റെ ഭാഗമായ ഇടപ്പള്ളി-അരൂര്‍ എലിവേറ്റഡ് ഹൈവേ പാലാരിവട്ടത്ത് കൊച്ചി മെട്രോ വയഡക്റ്റിന് മുകളിലൂടെ കടന്നുപോകും. പ്രോജക്‌ട് കണ്‍സള്‍ട്ടന്റ് ദേശീയ പാത അതോറിറ്റിക്ക് സമര്‍പ്പിച്ച പുതുക്കിയ പ്രോജക്‌ട് റിപ്പോര്‍ട്ടില്‍ (ഡിപിആര്‍) ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിര്‍മാണം പുരോഗമിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം-ഇന്‍ഫോപാര്‍ക്ക് കൊച്ചി മെട്രോ സ്‌ട്രെച്ചിന്റെ ( പിങ്ക് ലൈന്‍) മുകളിലൂടെ ആയിരിക്കും ആറുവരിപാത കടന്നുപോവുക എന്നാണ് ഡിപിആര്‍ പറയുന്നത്.

മെട്രോ വയഡക്റ്റിനും മുകളില്‍ 32 മീറ്റര്‍ ഉയരത്തിലാണ് ഫ്‌ളൈഓവര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് മുതിര്‍ന്ന എന്‍എച്ച്‌എഐ ഉദ്യോഗസ്ഥനും വ്യക്തമാക്കുന്നു. ഹൈവേ നിര്‍മാണ കമ്ബനിയായ ഭോപ്പാല്‍ ആസ്ഥാനമായുള്ള ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് നേരത്തെ സമര്‍പ്പിച്ച ഡിപിആറില്‍ നിര്‍മാണം പുരോഗമിക്കുന്ന മെട്രോ പാത പരിഗണിക്കപ്പെട്ടിരുന്നില്ല. ഇതോടെയാണ് അലൈന്‍മെന്റ് പരിഷ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയത്. മാസത്തിനുള്ളില്‍ പരിഷ്‌കരിച്ച ഡിപിആര്‍ സമര്‍പ്പിക്കാന്‍ ആയിരുന്നു എന്‍എച്ച്‌എഐ കണ്‍സള്‍ട്ടന്റിനോട് നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ അഞ്ച് മാസം വൈകിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം, പദ്ധതിക്ക് 3,600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദേശീയ പാത അതോറിറ്റി അംഗീകാരത്തിന് ശേഷം തയ്യാറാക്കുന്ന അന്തിമ എസ്റ്റിമേറ്റില്‍ പദ്ധതി ചെലവ് ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.

Related News