കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്‍ജന്‍

  • 28/07/2025

കൂടത്തായി കൊലപാതക പരമ്ബരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്.

കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്‍.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.

കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.

Related News