കവടിയാര്‍ ഭൂമി തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് അനന്തപുരി മണികണ്ഠൻ ബംഗളൂരുവില്‍‌ അറസ്റ്റില്‍

  • 29/07/2025

കവടിയാര്‍ ഭൂമിതട്ടിപ്പ് കേസില്‍ ഡിസിസി അംഗം അനന്തപുരി മണികണ്ഠന്‍ അറസ്റ്റില്‍. കവടിയാർ ജവഹർ നഗറില്‍ വ്യാജരേഖ ചമച്ച്‌ കോടികള്‍ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത കേസിലാണ് ജില്ലാ കോണ്‍ഗ്രസ് നേതാവും നേതാവും ആധാരം എഴുത്തുകാരനുമായ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് മ്യൂസിയം പൊലിസ് ഇയാളെ പിടികൂടിയത്.

10 കോടിരൂപ വിലമതിക്കുന്ന ഭൂമി വ്യാജ പ്രമാണമുണ്ടാക്കി തട്ടിയ കേസിലാണ് അറസ്റ്റ്. കവടിയാര്‍ ജവഹര്‍ നഗറില്‍ 14 സെന്റ് സ്ഥലവും പത്ത് മുറികളുള്ള കെട്ടിടവുമാണ് വ്യാജ പ്രമാണമുണ്ടാക്കി തട്ടിയെടുത്തത്. യുഎസില്‍ സ്ഥിരതാമസമാക്കിയ ഡോക്‌ടറുടെ പത്ത് മുറികളടങ്ങുന്ന കെട്ടിടവും പതിനാല് സെന്റ്‌ സ്ഥലവും വ്യാജരേഖകള്‍ ഉപയോഗിച്ച്‌ ഭൂമാഫിയ കൈക്കലാക്കിയെന്നും അത് മറിച്ചുവിറ്റു എന്നുമാണ് കേസ്.

മണികണ്ഠന്റെ സഹോദരൻ മഹേഷ് നേരത്തെ അറസ്റ്റിലായിരുന്നു. തട്ടിപ്പിനായി വ്യാജ ആധാരം നിര്‍മിക്കാനുള്ള ഇ- സ്റ്റാംപ് എടുത്തതും റജിസ്‌ട്രേഷന്‍ ഫീസ് അടച്ചതും മഹേഷിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ്. കേസില്‍ രണ്ട് പേരെയും കൂടി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് അനന്തപുരി മണികണ്ഠനെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറ്റുകാല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി അനന്തപുരി മണികണ്ഠന്‍ മത്സരിച്ചിരുന്നു.

Related News