നടൻ കലാഭവൻ നവാസ് അന്തരിച്ചു; മരണം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ

  • 01/08/2025

കൊച്ചി: മലയാള സിനിമ-മിമിക്രി താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. അഭിനയിച്ചുകൊണ്ടിരുന്ന 'പ്രകമ്പനം' എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് നവാസിൻ്റെ അപ്രതീക്ഷിത വിയോഗം.

ഷൂട്ടിംഗ് പൂർത്തിയാക്കി റൂം ഒഴിയാനായി നവാസ് ഹോട്ടലിൽ എത്തിയിരുന്നു. എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനാൽ ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തെ തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പ്രൊഡക്ഷൻ കൺട്രോളറെ വിവരം അറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

പ്രാഥമിക നിഗമനം ഹൃദയാഘാതമാണ് മരണകാരണം എന്നാണ്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.

"റൂമിൽ പോയി ഫ്രഷായിട്ട് വരാം എന്ന് പറഞ്ഞ് പോയതാണ്; വളരെ സൗമ്യനായ ഒരു വ്യക്തിയായിരുന്നു," എന്ന് നവാസിനൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകർ അനുസ്മരിച്ചു. നവാസിൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിലാണ് സിനിമാ-കലാകേരളം.

1995-ൽ പുറത്തിറങ്ങിയ 'ചൈതന്യം' എന്ന ചിത്രത്തിലൂടെയാണ് നവാസ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 'ഹിറ്റ്‌ലർ ബ്രദേഴ്സ്', 'ജൂനിയർ മാൻഡ്രേക്ക്', 'മട്ടുപ്പട്ടി മച്ചാൻ', 'ചാന്ദാമാമ' തുടങ്ങിയ നിരവധി സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി. അവസാനമായി 'ഡിറ്റക്ടീവ് ഉജ്ജ്വലൻ' എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. കലാഭവനിലെ മിമിക്രി കലാകാരനെന്ന നിലയിലും അദ്ദേഹം ഏറെ പ്രശസ്തനായിരുന്നു. നവാസിൻ്റെ സഹോദരൻ നിയാസ് ബക്കറും നടനും മിമിക്രി കലാകാരനുമാണ്.

Related News