കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; റമീസിന്റെ അച്ഛനെയും അമ്മയെയും ഉടൻ ചോദ്യം ചെയ്യും, അന്വേണത്തിന് പത്തംഗസംഘം രൂപീകരിച്ച്‌ പൊലീസ്

  • 12/08/2025

കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ 10 അംഗം സംഘം രൂപീകരിച്ച്‌ പൊലീസ്. നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ബിനാനിപുരം, കുട്ടമ്ബുഴ എസ്‌എച്ച്‌ഒമാർ അന്വേഷണ സംഘത്തിലുണ്ട്. യുവതി ആത്മഹത്യ ചെയ്തത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആണ്‍സുഹൃത്ത് റമീസില്‍ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണെന്നാണ് പൊലീസിന്‍റെ നിഗമനം. അഗാധ പ്രണയത്തിനിടയിലും റമീസ് തന്റെ ഫോണ്‍ പോലും എടുക്കാതായത് പെണ്‍കുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കി. കേസില്‍ റമീസിന്റെ ഉപ്പയേയും ഉമ്മയേയും പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇരുവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

കോതമംഗലം കറുകടത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥിനിയും പാനായിക്കുളത്തെ റമീസും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നു. മതം മാറിയും റമീസിനൊപ്പം ഒരുമിച്ച്‌ ജീവിക്കാൻ തന്നെയായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം. എന്നാല്‍ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ഇവർക്കിടയില്‍ ഉണ്ടായ തർക്കങ്ങളും സംശയങ്ങളും റമീസില്‍ നിന്ന് നേരിട്ട കടുത്ത അവഗണനയുമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇരുവരുടെയും ഗൂഗിള്‍ അക്കൗണ്ടുകള്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസ് "ഇടപ്പള്ളി സെക്സ് വർക്കേഴ്സ് " എന്ന് ഗൂഗിളില്‍ സെർച്ച്‌ ചെയ്തതും, വിവരങ്ങള്‍ അന്വേഷിച്ചതും ഇടപ്പള്ളിയില്‍ പോയതിന്റെ ഗൂഗിള്‍ റൂട്ട് മാപ്പും പെണ്‍കുട്ടിക്ക് കണ്ടെത്താൻ സാധിച്ചു. ഇതോടെയാണ് തർക്കമായതെന്ന് പൊലീസ് പറയുന്നു.

പിറ്റേ ദിവസം റമീസ് അനാശാസ്യത്തിന് പോയി എന്ന് റമീസിന്റെ വീട്ടിലെത്തി പെണ്‍കുട്ടി ഉപ്പയോട് പറഞ്ഞു. ഉപ്പ റമീസിനെ തല്ലി. ദേഷ്യത്തോടെ വീട് വിട്ട് ഇറങ്ങിപ്പോയ റമീസ് പിന്നീട് പെണ്‍കുട്ടിയുമായി സംസാരിച്ചില്ല. മതം മാറിയാല്‍ മാത്രമേ വിവാഹം കഴിക്കുമെന്ന് ഫോണിലൂടെ പറഞ്ഞു. വ്യാഴാഴ്ച മുതല്‍ റമീസിനെ ഫോണിലും കിട്ടാതായി. എല്ലാ ദിവസവും മണിക്കൂറുകളോളം ഫോണ്‍ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്ന റമീസ് തന്നെ അവഗണിക്കുകയാണെന്ന് മനസ്സിലായ പെണ്‍കുട്ടി കൂട്ടുകാരി വഴി ബന്ധപ്പെട്ടിട്ടും പ്രയോജനം ഉണ്ടായില്ല. അങ്ങനെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതി ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. മത പരിവർത്തനം തന്നെയായിരുന്നു റമീസിന്റയും കുടുംബത്തിന്റെയും ലക്ഷ്യമെന്ന് പെണ്‍കുട്ടിയുടെ സഹോദരൻ ഇന്നും ആവർത്തിച്ചു.

റമീസ് ഉപ്പയ്ക്കും ഉമ്മയ്ക്കും ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കും എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇരുവരെയും ഉടൻ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്‍റെ നീക്കം. റമീസിനെതിരെ നിലവില്‍ ഉപദ്രവിച്ചതിനും ആത്മഹത്യ പ്രേരണയ്ക്കും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് കേസ്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് ആലോചനയില്‍ ഇല്ലെന്ന് പൊലീസ് അറിയിച്ചു.

Related News