H-1B വിസയുള്ള ഭർത്താവിനെ ഉപേക്ഷിച്ച് ഗ്രീൻ കാർഡുള്ള സഹപ്രവർത്തകനെ വിവാഹം കഴിച്ചാലോ? ഇന്ത്യൻ യുവതിയുടെ പോസ്റ്റ്

  • 21/09/2025


അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് എച്ച് -1ബി വിസ ഫീസ് കൂട്ടാനുള്ള തീരുമാനം ഒപ്പുവച്ചതിന് പിന്നാലെ ഇന്ത്യക്കാർക്കിടയിൽ ആശങ്ക ശക്തമാകുന്നു. എച്ച്-1ബി വിസ ഹോൾഡർമാരിൽ 71 ശതമാനത്തോളവും ഇന്ത്യക്കാരാണെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഇതിനിടയിലാണ് ഒരു ഇന്ത്യൻ യുവതി, തനിക്കുണ്ടായ ആശയക്കുഴപ്പത്തിൽ അഭിപ്രായം ചോദിച്ച് കോറയിൽ ഒരു കുറിപ്പ് പങ്കുവച്ചത്. എന്നാൽ എക്സ് ഉപയോക്താക്കൾ ഏറ്റെടുത്ത് വലിയ ചർച്ചയാക്കിയിരിക്കുകയാണ്. വിഷയത്തിൽ ചൂടേറിയ ചർച്ചയാണ് നടക്കുന്നത്.

പോസ്റ്റിൽ ഇന്ത്യൻ യുവതി ഉയർത്തിയ ചോദ്യമാണ് ഭൂരിഭാഗം പേരെയും അമ്പരപ്പിച്ചത്. എച്ച്-1ബി വിസയുള്ള തന്റെ ഭർത്താവിനെ ഡിവോഴ്‌സ് ചെയ്ത് ഗ്രീൻ കാർഡുള്ള സഹപ്രവർത്തകനെ കല്യാണം കഴിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായമാണ് പെൺകുട്ടി തേടിയത്. ഇതോടെ ഈ പോസ്റ്റും വൈറലായി. വിസയുടെ കാര്യത്തിലുള്ള അനിശ്ചിതത്വം മൂലം തങ്ങൾക്ക് കുട്ടികളെ കുറിച്ച് പോലും ചിന്തിച്ചിട്ടില്ല. എന്നാൽ ഓഫീസിലുള്ള ഗ്രീൻകാർഡ് ഹോൾഡറായ ആൾക്ക് തന്നെ ഒരുപാട് ഇഷ്ടമാണെന്നും അവനോട് തനിക്കുമൊരു ഇഷ്ടമുണ്ടെന്നും ഇവർ പറയുന്നുണ്ട്. ഭാവിയിൽ വിസ പ്രശ്‌നമോർത്ത് തനിക്ക് സമ്മർദത്തിലാവാൻ താൽപര്യമില്ലെന്നും ഇന്ത്യയിലേക്ക് ഒരിക്കലും തിരിച്ചു പോകാൻ ഇഷ്ടമല്ലെന്നും യുവതി പറയുന്നു.

പലരും തരംതാഴ്ന്ന സ്ത്രീ എന്നാണ് ഇവരെ വിശേഷിപ്പിച്ചത്. എന്നാൽ ആരെങ്കിലും ആസൂത്രിതമായി റീച്ച് കൂട്ടാനായി മനപൂർവം സൃഷ്ടിച്ച പോസ്റ്റാണോ ഇതെന്ന് മറ്റ് ചിലർ സംശയം ഉന്നയിച്ചിട്ടുണ്ട്. പല സംഭവങ്ങളിലും എൻആർഐ ഭർത്താക്കന്മാർ ജാക്ക്‌പോട്ട് ആണെന്നും ഇത്തരം കാരണങ്ങൾ മൂലം വിവാഹം കഴിക്കാൻ തന്നെ ഭയമാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇത് യാഥാർത്ഥ്യമാണോ എന്നറിയില്ല, എന്നാൽ ഇത്തരത്തിൽ പല സംഭവങ്ങളും നേരിട്ടറിയാമെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. അതേസമയം 'ആരാണോ ഈ സ്ത്രീയുടെ സഹപ്രവർത്തകൻ ദയവ് ചെയ്ത് ഇവരിൽ നിന്നും അകന്ന് നിൽക്കാൻ ശ്രമിക്കൂ' എന്നൊരു ഉപദേശവും ഇതിനിടയിൽ ഉയർന്ന് വന്നിട്ടുണ്ട്.

Related News