കെ കെ എം എ ഈദ് സംഗമം സംഘടിപ്പിച്ചു

  • 03/08/2020

കുവൈറ്റ്‌ : അപര ദുഖങ്ങളെ സ്വന്തം ദുഃഖങ്ങള്‍ ആയി കരുതുകയും പ്രയാസങ്ങളെ സ്വന്തം പ്രയാസങ്ങളായി മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് വിശ്വാസമെന്ന്, അതാണ്‌ വിശ്വാസിയുടെ കര്‍ത്തവ്യമെന്ന് പ്രഗല്‍ഭ പ്രഭാഷകന്‍ മഅമൂന്‍ ഹുദവി പറഞ്ഞു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ - മത കാര്യ വകുപ്പിന്റെ കീഴിൽ ബലിപെരുന്നാളിനു ഒരുക്കിയ ഓന്‍ലൈന്‍ പെരുന്നാള്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരെ കുറിച്ചുള്ള കരുതല്‍ ഉണ്ടാകുമ്പോള്‍ നമുക്ക് കൊറോണ കാലത്ത് ആഘോഷങ്ങള്‍ക്കോ കൂടിച്ചേരലുകള്‍ക്കൊ സാധിക്കുകയില്ല. അതുകൊണ്ട് സ്വന്തം ശരീരങ്ങളെയും മറ്റുള്ളവരെയും നാശത്തിലേക്ക് നയിക്കുന്ന രീതിയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയില്ലെങ്കിലും പെരുന്നാളിലെ ആത്മീയതയെ നിലനിര്‍ത്താന്‍ സാധിക്കേണ്ടതുണ്ട്. ഈ വര്ഷം ആഘോഷത്തിന് ഉള്ളതല്ല പ്രാര്‍ത്ഥനയ്ക്ക് വേണ്ടി ഉള്ളതാണ് എന്നും ഹുദവി പറഞ്ഞു.

സമൃദ്ധിയുള്ള കാലത്ത് ധാരാളം സഹായിച്ചവരാണ് വിശ്വാസികള്‍. എന്നാല്‍ പ്രയാസമുള്ള കാലത്തും ധാരാളം സഹായിക്കാന്‍ കഴിയുക എന്നതാണ് സത്യവിശ്വാസിയുടെ പ്രത്യേകത.

സമ്പാദ്യങ്ങളെ ക്രിയാത്മകമായ രീതിയില്‍ ഉപയോഗിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട് എന്ന പാഠം കൊറോണ മനുഷ്യര്‍ക്ക് നല്‍കി. മനുഷ്യന്‍ ഭാവിയെ കുറിച്ച് ചിന്തിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ആരോഗ്യമായാലും, സമ്പാദ്യമായാലും, തനിക്ക് ലഭിക്കുന്നത് മുഴുവന്‍ എല്ലാ കാലവും നില നില്‍ക്കുമെന്ന് വിശ്വസിക്കുന്നത് മൂഡമായ ചിന്തയാണ്.

പ്രതിസന്ധികളുടെ മുന്നില്‍ പകച്ചു നില്‍ക്കുന്നതിനു പകരം പ്രതീക്ഷകളോടെ മുന്നേറുവാന്‍ സാധിക്കണം എന്ന് കൂടി കൊറോണ പഠിപ്പിക്കുന്നു. പ്രതിസന്ധിയോടൊപ്പം തന്നെ വിജയം ഉണ്ടാകുമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. തുടര്‍ച്ചയായ പ്രളയങ്ങളും, നിപ്പ രോഗങ്ങളും, തുടങ്ങി നിരവധി പ്രതിസന്ധികള്‍ നേരിട്ടവരാണ് കേരളീയര്‍. പക്ഷെ, അതിനെയൊക്കെ അതിജീവിച്ചു. ജീവിതം തന്നെ പരീക്ഷണമാണ് എന്നാണു ഖുര്‍ആന്‍ പറയുന്നത്. പ്രതിസന്ധികള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ജീവിതം. അതിനെ തരണം ചെയ്തു മുന്നേറുമ്പോഴാണ് ജീവിതത്തിന് സൌന്ദര്യം ഉണ്ടാകുന്നത്.

ജന. സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് ഏ.പി. അബ്ദുല്‍ സലാം കവ്വായി അദ്ധ്യക്ഷം വഹിച്ച പരിപാടി രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നേതാക്കളായ അബ്ദുൽ ഫത്താഹ് തയ്യിൽ, മുഹമ്മദ്‌ അലി മാത്ര, ഇബ്രാഹിം കുന്നിൽ, സി. ഫിറോസ് എന്നിവർ ആശംസകൾ നേർന്നു - കേന്ദ്ര - സോൺ - ബ്രാഞ്ച് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു
കേന്ദ്ര അഡ്മിന്‍ സെക്രട്ടറി വി.എച്ച് മുസ്തഫ നന്ദിയും പറഞ്ഞു.

Related News