സയൻസ് ഇന്റർനാഷണൽ ഫോറം (സിഫ്) കുവൈറ്റ് ‘സയൻസ് ഗാല’ സംഘടിപ്പിക്കുന്നു

  • 11/08/2020

സയൻസ് ഇന്റർനാഷണൽ ഫോറം കുവൈറ്റും യൂണിമണി എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന 2019-‘20 അധ്യയന വർഷത്തെ 'സയൻസ് ഗാല' 2020 ആഗസ്ത് 22ന് രാവിലെ 10 മണിക്ക് കോവിട്-19 സാഹചര്യം കണക്കിലെടുത്ത് ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തി നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ഭാരത സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്റട്ടറി ഡോ.അഷുതോഷ് ശർമ്മ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. കുവൈത്തിലെയും ഭാരതത്തിലെയും പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

ശാസ്ത്രപ്രതിഭ മത്സരവിജയികൾക്കും കുവൈറ്റ് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്സ് വിജയികൾക്കുമുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വച്ച് നൽകും. 2019-’20 അധ്യയനവർഷത്തെ ശാസ്ത്രപ്രതിഭ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വച്ച സ്‌കൂളിനുള്ള 'ആചാര്യ ജെ. സി. ബോസ് പുരസ്കാരം' ഭാരതീയ വിദ്യാഭവൻ കുവൈറ്റിന് നൽകും. ഇരുപത് ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് ആറായിരത്തിൽ പരം കുട്ടികളാണ് ഇത്തവണ ശാസ്ത്രപ്രതിഭ പരീക്ഷയിൽ പങ്കെടുത്തത്.

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഗുണപ്രദമായ സയൻസ് ഗാല ഭാരതത്തിലെ പ്രമുഖരും പ്രഗത്ഭരുമായ ശാസ്ത്രജ്ഞന്മാരും വിദ്യാഭ്യാസ വിചക്ഷണന്മാരുമായും സംവദിക്കാനും ആശയവിനിമയം നടത്തുവാനുമുള്ള അപൂർവ അവസരമൊരുക്കുന്നു. പങ്കാളിത്തത്തിന്റെ ബാഹുല്യം കൊണ്ട് കുവൈറ്റിലെ ഏറ്റവും വലിയ ശാസ്ത്രപരീക്ഷയാണ് വിജ്ഞാനഭാരതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശാസ്ത്രപ്രതിഭ മത്സരപരീക്ഷ. യുണീമണി എക്സ്ചേഞ്ച് കോർപറേറ്റ് പാർട്ട്ണറായ സിഫ് കുവൈറ്റ് പ്രവർത്തനങ്ങളിൽ കുവൈറ്റിലെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ-ഗവേഷണ രംഗത്തെ പ്രമുഖർ പങ്കാളികളാണ്.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സിഫ് കുവൈറ്റ് ഫേസ്‌ബുക്ക് പേജ് സന്ദർശിക്കാവുന്നതാണ്.

Related News