കുവൈത്ത് സിറ്റി : രാജ്യം 74ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഓരോ ഭാരതീയനും മതേതരത്വത്തിന്റെ കാവല്‍ഭടന്മാരായി നിലകൊള്ളമെന്ന് SYS സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഭ്യര്‍ത്ഥിച്ചു. കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഫ്രീഡം മീറ്റ് ഓണ്‍ലൈന്‍ പരിപാടിയില്‍ 'മതേതരത്വവും സമകാലിക ഇന്ത്യയും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മഹത്തായ പാരമ്പര്യം മതേതരത്വവും, നമ്മുടെ ഏറ്റവും വലിയ ശക്തി ജനാധിപത്യവുമാണ്. ഭരണകൂടങ്ങള്‍ ഈ മഹത്വരമായ രാഷ്ട്രീയ ദര്‍ശനങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്തരാണ്. ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ പ്രോത്സാഹിപ്പിക്കാനോ, നിരുത്സാഹപ്പെടുത്താനോ പാടില്ല. മതമുള്ളവനെയും ഇല്ലാത്തവനെയും ചേര്‍ത്തു നിര്‍ത്താന്‍ കഴിയണം.
രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയും, രാജ്യത്തെ ജനങ്ങളുടെ ഭരണാഘടനാപരമായ അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യേണ്ട ഭരണകൂടങ്ങള്‍ വര്‍ഗ്ഗീയ അജണ്ടകളുമായി മുന്നോട്ട് പോകുന്നത് രാജ്യത്തിന്റെ നിലനില്‍പ്പിന്ന് തന്നെ ഭീഷണിയാണ്. ജനാധിപത്യത്തിന്റെ മറവില്‍ ഫാസിസം വളര്‍ന്നു വരുന്ന ഈ വിപദ്ജനകമായ സാഹചര്യത്തില്‍ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് എല്ലാ ജനാധിപത്യ കക്ഷികളും ഒന്നിക്കണം.
രാജ്യ സ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന് കരുതുന്ന മുസ്ലിംകള്‍ക്കെതിരെയും, മറ്റു ന്യൂനപക്ഷ ദളിത് വിഭാഗങ്ങള്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ജനാധിപത്യപരമായ രീതിയില്‍ പ്രതികരിക്കാന്‍ നാം തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കെ.ഐ.സി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അദ്ധ്യക്ഷത വഹിച്ചു.ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡണ്ട് ഇസ്മാഈല്‍ ഹുദവി പ്രാര്‍ത്ഥന നിര്‍വഹിച്ചു.
ജഃ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും, സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു. കേന്ദ്ര നേതാക്കന്‍മാര്‍, മേഖല യൂണിറ്റ് ഭാരവാഹികള്‍,കൗണ്‍സില്‍ അംഗങ്ങള്‍,വിവിധ വിംഗ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?