അബ്ബാസിയയിലെ പാസ്‌പോർട്ട്‌ സേവന കേന്ദ്രത്തിൽ ഇന്ത്യൻ സ്ഥാനപതി പരിശോധന നടത്തി.

  • 23/08/2020

കുവൈറ്റ് സിറ്റി: കുവൈറ്റിലെ  ഇന്ത്യൻ എംബസിയുടെ അബ്ബാസിയയിലുള്ള പാസ്‌പോർട്ട് സേവന കേന്ദ്രത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് പരിശോധന നടത്തി. എംബസ്സിയുടെ സേവനങ്ങൾക്കായി എത്തുന്നവരോടുള്ള മോശം പെരുമാറ്റത്തിനും, സേവനങ്ങൾ  മുൻഗണനാ ക്രമത്തിൽ ലഭിക്കുന്നതിനുമായി അപേക്ഷകരോട് അനധികൃതമായി പണം ആവശ്യപ്പെടുന്നതുൾപ്പെടെയുള്ള പരാതികൾ ഈ സേവന കേന്ദ്രത്തിനെതിരെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ നിന്നും വ്യാപകമായി ഉയർന്ന് വന്നിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസ്സിയിൽ സ്ഥാനപതി വിളിച്ചു ചേർത്ത ഓപ്പൺ ഹൗസിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഈ പരാതി ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പ് സ്ഥാനപതിയുടെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നു. ഇന്ന് രാവിലെ  സേവന കേന്ദ്രത്തിൽ എത്തിയ അപേക്ഷകരോട് മോശമായി പെരുമാറുകയും പ്രശ്നങ്ങൾ രൂപപ്പെടുകയും ചെയ്‌തു. സംഭവമറിഞ്ഞു കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ് സ്ഥലത്തു എത്തിയിരുന്നു. തുടർന്ന് അംബാസഡർ എത്തിച്ചേരുകയും  അപേക്ഷകരിൽ നിന്നും നേരിട്ട്  വിവരങ്ങൾ ചോദിച്ചറിയുകയും സേവന കേന്ദ്രത്തിൽ എത്തുന്നവർക്ക് ആവശ്യമായ ഇരിപ്പിടങ്ങൾ നൽകുന്നതിനും, അപേക്ഷകളിൽ അതാത് ദിവസം തന്നെ തീർപ്പ് കല്പിക്കുന്നതിനും വേണ്ട കർശന നിർദ്ദേശങ്ങൾ നൽകിയുമാണ് അദ്ദേഹം മടങ്ങിയത്. അംബാസിഡറുടെ ഈ ഇടപെടൽ കുവൈറ്റിലെ ഇന്ത്യൻ പ്രവാസ സമൂഹത്തിന് വലിയ ആത്മവിശ്വസമാണ്  ഉണ്ടാക്കിയിട്ടുള്ളത് .

Related News