പ്രവാസ ലോകം ഒരുങ്ങി, സജീവമായി ഓണ വിപണി.

  • 30/08/2020



കുവൈത്ത് സിറ്റി: ഓണം എത്തിക്കഴിഞ്ഞെങ്കിലും കോവിഡ് ഭീതിയിലാണ് ഇത്തവണ ഗള്‍ഫിലെ ആഘോഷങ്ങള്‍.ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടിവരുമെന്ന ദുഖത്തിലാണ് കുവൈത്തിലെ മലയാളികള്‍ . വർണഭംഗിയുള്ള പൂക്കളങ്ങളും പായസമധുരവും നല്ല ഒന്നാന്തരം നാടൻ സദ്യയും ഗള്‍ഫിലാണെങ്കിലും  മലയാളികള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്. പ്രവൃത്തി ദിവസമായതിനാല്‍ ഹോട്ടലുകളില്‍ നിന്നുള്ള ഓണ സദ്യയില്‍ ഈ പ്രാവിശ്യത്തെ ആഘോഷങ്ങള്‍ ഒതുങ്ങും. 

നാട്ടിലെ മലയാളികള്‍ ഓണംകഴിഞ്ഞ് ക്ഷീണത്തിലായാലും മാസങ്ങളോളം  നിലനില്‍ക്കുന്ന ഓണാഘോഷങ്ങളാണ് കുവൈത്ത് അടക്കമുള്ള ഗള്‍ഫ്  രാഷ്ട്രങ്ങള്‍ ഉണ്ടാകാറ്. ആയിരങ്ങളും പതിനായിരങ്ങളും ഒത്തുകൂടി ഓണത്തിന്റെ പാരമ്പര്യങ്ങളും തനിമയും പ്രൗഢിയും ആചാരവും വിശ്വാസവമെല്ലാം ഒട്ടും കുറയാതെ തന്നെയാണ് ഇവിടുത്തെ ആഘോഷങ്ങളെല്ലാം. ഓരോ ഗ്രാമത്തിന്‍റെയും  ജില്ലയുടെയും പൂര്‍വ്വ  കോളേജ് വിദ്യാര്‍ഥി കൂട്ടായ്മയുടെയും  പേരില്‍ സംഘങ്ങള്‍ രൂപീകരിച്ച് 20  മുതൽ 30  കൂട്ടംവരെ വിഭവങ്ങളുമായി വാഴയിലയിൽ ഓണസദ്യ വിളമ്പിയാതൊക്കെ ഈ വര്‍ഷങ്ങളില്‍ വിസ്മൃതിയിലാവുകയാണ്. 

കൊറോണ പ്രതിസന്ധിയില്‍ ആണെങ്കിലും റെസ്റ്റോറന്‍റ് മേഖല പ്രവര്‍ത്തനമാരംഭിച്ചതിനാല്‍ കിടലന്‍ ഓഫറുകളുമായി ഹോട്ടലുകളും ഒരുങ്ങിക്കഴിഞ്ഞു. കേറികഴിക്കാന്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ മിക്കയിടത്തും പാര്‍സല്‍ സൌകര്യം മാത്രമാണ് ലഭ്യമായിട്ടുള്ളൂ. രണ്ട് ദിനാര്‍ മുതല്‍ മൂന്ന് ദിനാര്‍ വരെയാണ് സദ്യക്കായി ഈടാക്കുന്നത്.പല ഹോട്ടലുകളിലും ബുക്കിംഗ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.  കോവിഡിന്റെ പശ്ചാത്തലത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പൂക്കള മല്‍സരങ്ങളും പായസ മല്‍സരങ്ങളും പല സംഘടനകളുടേയും നേതൃത്വത്തില്‍ നടക്കുന്നുണ്ട്. 

സൂപ്പര്‍  മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഓണ ചന്തകളും പ്രത്യേകമായ കൌണ്ടറുകളും തയ്യാറാക്കിയിട്ടുണ്ട്. അച്ചാറുകള്‍, കൊണ്ടാട്ടം, പപ്പടം,വാഴയില, പൂക്കള്‍ തുടങ്ങീ പച്ചക്കറികള്‍ക്ക് വരേ ഓഫറുകളുടെ പൂരമാണ് വിപണിയില്‍. പല വ്യാപാരികളും നാട്ടില്‍ നിന്നും പച്ചക്കറി  എത്തിക്കുന്നുണ്ട്. സദ്യവും പായസവും എല്ലാം മുന്‍കൂട്ടി ബൂക്ക് ചെയ്യാനുള്ള സൗകര്യം ലുലു അടക്കമുള്ള സ്ഥാപനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. സദ്യക്ക് ആവശ്യമായ റെഡി ടു കുക്ക് കിറ്റുകളാണ് ഈ പ്രാവിശ്യത്തെ ഓണത്തിന്റെ പ്രത്യേകത. കോവിഡ് കടമ്പുകള്‍ മൂലം പൊതു പരിപാടികള്‍ ഇല്ലാത്തതിനാല്‍ അകത്തളങ്ങളില്‍ ഓണം കെങ്കേമമാക്കാനാണ് പ്രവാസികള്‍ ഒരുങ്ങുന്നത്. 

കുടവയറും ഓലക്കുടയുമായി മഹാബലിയുടെ വേഷം കെട്ടുന്ന സുമുഖരായ കുടവയറന്മാരാണ് കോവിഡിന്റെ ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അതോടപ്പം അബ്ബാസിയ പോലുള്ള സ്ഥലങ്ങളില്‍ താമസ കെട്ടിടങ്ങളുടെ ബേസ്മെന്റില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ കുവൈത്തിലെ തന്നെ നൂറ് കണക്കിന് കലാകാരന്‍മാര്‍ക്ക് ജീവിത മാര്‍ഗ്ഗം തന്നെയായിരുന്നു. കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരെ ഒരുക്കിയുള്ള ഓണാഘോഷ പരിപാടികള്‍  വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇല്ലാതാകുന്നത്. 

Related News