5 ജി വേഗതയിൽ ലോകത്ത് ആറാം സ്ഥാനത്ത് കുവൈത്ത് , ഒന്നാം സ്ഥാനത്ത് സൗദി അറേബ്യ

  • 30/08/2020



കുവൈറ്റ് സിറ്റി : അതി വേഗതയാർന്ന ഡിജിറ്റൽ സെല്ലുലാർ നെറ്റ്വര്‍ക്കായ  5 ജി നെറ്റ്‍വര്‍ക്ക് വേഗതയിൽ കുവൈത്തിന് ലോകത്തില്‍ ആറാം സ്ഥാനം. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കമ്പനിയായ ഓപ്പൺ സിഗ്നൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് കുവൈത്തിന് ലോകത്ത് ആറാം സ്ഥാനവും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ രണ്ടാം സ്ഥാനവും ലഭിച്ചത്. രാജ്യത്തെ 5 ജി ഡൌണ്‍ലോഡ്  വേഗത സെക്കൻഡിൽ 171.5 MB ആണെന്ന് പ്രാദേശിക പത്രമായ അൽ അൻ‌ബ റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ സൗദി അറേബ്യയാണ്  ഒന്നാമത്. സൗദിയില്‍ 5 ജി ഡൌണ്‍ലോഡ്  വേഗത സെക്കൻഡിൽ 414.2 MB ആണ്.  ദക്ഷിണ കൊറിയ,ആസ്ട്രേലിയ, തായ് വാന്‍, കാനഡ, കുവൈത്ത്, സ്വിറ്റ്സര്‍ലാണ്ട്, ഹോങ്കോംഗ്, ബ്രിട്ടന്‍,ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. 

നിലവിൽ 4ജി സേവനങ്ങൾ ഒരു നിശ്ചിത പ്രദേശത്ത് നൽകുന്നതിന്‍റെ പത്തിരട്ടി മൊബൈൽ ഉപകരണങ്ങൾ 5ജിയിൽ കണക്റ്റ് ചെയ്യാൻ സാധിക്കും. 4ജിയേക്കാൾ നൂറു മടങ്ങു വരെ ഡാറ്റ സ്പീഡ് നൽകാൻ 5ജിക്ക് സാധിക്കും. ഇതോടൊപ്പം കൂടുതൽ മൊബിലിറ്റി, ഡാറ്റ കൈകാര്യം ചെയ്യാനുള്ള കഴിവ്, കുറഞ്ഞ പവർ ഉപയോഗത്തിനാൽ കൂടുതൽ ബാറ്ററി ലൈഫ് ഒക്കെ 5ജി കൊണ്ടുവരും. വാവ്വെ, ZTE കമ്പിനികളാണ് 5ജി മേഖലയിലെ മുമ്പന്മാര്‍.  3 ജി, 4 ജി / എൽടിഇ, 5 ജി, വൈഫൈ എന്നിവയ്‌ക്കായുള്ള ഡൗൺലോഡ്, അപ്‌ലോഡ്, ലേറ്റൻസി എന്നിവയുൾപ്പെടെയുള്ള സ്പീഡ് ടെസ്റ്റ് നടത്തിയാണ് ഓപ്പൺ സിഗ്നൽ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. 5 ജിയുടെ കവറേജ് , 4ജി - 5ജി  തലമുറയിലെ  സാങ്കേതികവിദ്യകളുടെ പൊതുവായ വേഗത, 4ജി - 5ജി ഡൌണ്‍ലോഡ്  തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലും സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി  ഓപ്പൺ സിഗ്നൽ അധികൃതര്‍ അറിയിച്ചു. ഈ വിഭാഗതില്‍ കുവൈത്ത് പത്താം സ്ഥാനത്താണ്. 

Related News