മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

  • 31/08/2020

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (84)അന്തരിച്ചു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ വിജയകരമായെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി തിങ്കളാഴ്ച നടത്തിയ പരിശോധയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം മുഖര്‍ജി ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ശസ്ത്രക്രിയയ്ക്കു പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആശുപത്രിയിലെത്തി ബന്ധുക്കളും ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു ബംഗാള്‍ സ്വദേശിയായ പ്രണബ് കുമാര്‍ മുഖര്‍ജി. 1935 ഡിസംബര്‍ 11ന് പശ്ചിമബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം. പശ്ചിമ ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയും പ്രണബ് മുഖര്‍ജിയാണ്.1969ലാണ് ആദ്യമായി രാജ്യസഭയിലെത്തുന്നത്. 1977ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം ലഭിച്ചു. 2004ല്‍ ലോക്‌സഭയിലെത്തി. 2019-ല്‍ ഭാരത രത്‌ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2008ല്‍ പത്മവിഭൂഷണ്‍ ബഹുമതിയും ലഭിച്ചിട്ടുണ്ട്. എഡിബിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണന്‍സ് ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. ബിയോണ്ട് സര്‍വൈവല്‍, എമര്‍ജിങ് ഡൈമന്‍ഷന്‍സ് ഓഫ് ഇന്ത്യന്‍ ഇക്കണോമി, ചാലഞ്ച് ബിഫോര്‍ ദ് നാഷന്‍/സാഗ ഓഫ് സ്ട്രഗ്ള്‍ ആന്‍ഡ് സാക്രിഫൈസ് തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Related News