കുവൈത്തിലെ ഉച്ച ജോലി നിരോധനം അവസാനിച്ചു

  • 02/09/2020



കുവൈത്ത് സിറ്റി: ഉച്ച സമയത്തെ പുറം ജോലി നിരോധനം അവസാനിച്ചതായി അധികൃതര്‍ അറിയിച്ചു . വേനല്‍കാലത്ത് രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണിവരെയായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് തൊഴിലിടങ്ങളില്‍ നടത്തുന്ന പരിശോധനകളും നിര്‍ത്തിവച്ചുയെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എല്ലാ വര്‍ഷവും ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വേനല്‍ക്കാല വിശ്രമ നിയമം ബാധകമാവുക. ഈ കാലയളവില്‍ തുറന്ന സ്ഥലത്ത് പകല്‍  ജോലി ചെയ്യുന്നത് നിരോധിച്ചിരുന്നു.  ഈ കാലയളവില്‍ നടത്തിയ പരിശോധനയില്‍  333 സൈറ്റുകളിലെ  നിയമ  ലംഘനം കണ്ടെത്തിയതായും   68 പരാതികള്‍ ലഭിച്ചിതായും വിലക്കുണ്ടായ സമയത്ത് ജോലി ചെയ്ത 503 തൊഴിലാളികളെ പിടികൂടിയതായും പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവര്‍ ഡയറക്ടര്‍ അസീൽ അൽ മസാദ് അറിയിച്ചു. ഒറ്റത്തവണ നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ മുന്നറിയിപ്പ് നല്‍കി വിട്ടയച്ചതായും ആവര്‍ത്തിച്ച് നിയമം ലംഘിച്ചവരില്‍ നിന്ന് പിഴ ഈടാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.

വിലക്ക് ലംഘിച്ചാല്‍  ഒ​രു തൊ​ഴി​ലാ​ളി​ക്ക്​ 100 ദീ​നാ​ർ എ​ന്ന തോ​തി​ലാ​ണ്​ പിഴ ഈടാക്കുന്നത്. അതേസമയം, തൊഴിലാളികളെ കടുത്ത ചൂടില്‍ നിന്നും രക്ഷിക്കുന്നതിനായി തൊഴില്‍ സുരക്ഷയും ആരോഗ്യ നടപടികളും തുടരണമെന്ന് മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു. എയര്‍ കണ്ടീഷന്‍ ചെയ്ത പ്രദേശങ്ങള്‍ നല്‍കുക, തണുത്ത കുടിവെള്ളവും ഇളം വസ്ത്രങ്ങളും നല്‍കുക, വ്യത്യസ്ത സമയങ്ങളില്‍ ഇടവേളകള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ കമ്പനികള്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

Related News