കുവൈത്തില്‍ വര്‍ഷാരംഭത്തില്‍ കൊറോണ വൈറസ് വാക്സിൻ എത്തുമെന്ന് ഡോ. വാസൽ അൽ അദാസാനി

  • 02/09/2020



കുവൈത്ത് സിറ്റി: വർഷാവസാനത്തോടെ അമേരിക്ക  കോവിഡ് വാക്സിന്‍  പുറത്തിറക്കുമെന്നും 2021 ലെ തുടക്കത്തില്‍ തന്നെ കുവൈത്തില്‍ കൊറോണ വൈറസ് വാക്സിൻ എത്തിക്കുവാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും  ആരോഗ്യ വിദഗ്ധന്‍ ഡോ. വാസൽ അൽ അദാസാനി പറഞ്ഞു.കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു ജനങ്ങള്‍ക്കായി ഉയർന്ന അളവിലുള്ള വാക്സിനുകൾ ഒറ്റയടിക്ക് കൊണ്ടുവരേണ്ടതില്ലെന്നും ബാച്ചുകകളായി ഇറക്കുമതി ചെയ്താല്‍ മതിയെന്നും ഡോക്ടര്‍ പറഞ്ഞു. വാക്സിനുകൾ നൽകുന്നത് ആരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലായിരിക്കും. കുത്തിവയ്പ്പ് ഓപ്ഷണലാണോ  നിർബന്ധമാണോയെന്ന വിഷയത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കുന്ന ആരോഗ്യ നയത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് ഡോ. അൽ അദാസാനി വിശദീകരിച്ചു. 

വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പി‌സി‌ആർ ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കിയത് പോലെ ഭാവിയില്‍ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന്  വാക്സിനേഷൻ നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡിന്‍റെ സാഹചര്യത്തില്‍ ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നത് എന്തുകൊണ്ടും ഉത്തമമാണെന്നും പ്രായമായവര്‍ക്കും ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്കും വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ച ആളുകൾക്കും ഇത്തരം പ്രതിരോധ കുത്തിവയ്പ്പ് സഹായകരമാകുമെന്നും ഡോ. വാസൽ പറഞ്ഞു. നേരത്തെ  യുഎസ് നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റ പങ്കാളിത്തത്തോടെ ബയോടെക്‌നോളജി കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍  ഫലം കാണുന്നതായി പഠന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ആകാംഷയോടെ വാക്‌സിനായി കാത്തിരിക്കുമ്പോള്‍  ഒട്ടും ആശാവഹമായല്ല ലോകാരോഗ്യ സംഘടന ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. ലോകത്തെ രക്ഷിക്കാന്‍ ഒരു മാന്ത്രിക വാക്‌സിന്‍ വികസിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു ഗ്യാരന്റിയും പറയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയേസൂസ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. കോവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ നിര്‍മിക്കാന്‍ ലോകത്തിനായില്ലെന്ന്  വരാം. ചിലപ്പോള്‍, നിര്‍മിക്കുന്ന വാക്‌സിന് ഏതാനും മാസത്തെ സംരക്ഷണമേ നല്‍കാനാകൂയെന്നും വരാം. ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകും വരെ ഇക്കാര്യത്തില്‍ തറപ്പിച്ച് ഒന്നും പറയാനാകില്ലെന്ന്  ടെഡ്രോസ് പറഞ്ഞു.  ഏതായാലും ഈ വര്‍ഷം അവസാനത്തോടെ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ വാക്‌സിന്‍ വിപണിയിലെത്തുമെന്ന പ്രതീക്ഷയിലാണ് ലോകത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ 

Related News