കുവൈത്തില്‍ നവംബറിൽ സ്കൂളുകൾ തുറക്കുവാന്‍ ആലോചന

  • 06/09/2020കുവൈത്ത് സിറ്റി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവംബറിൽ തുറക്കുവാന്‍ ആലോചന. സാമൂഹിക അകലം പാലിക്കേണ്ടതുകൊണ്ട് ഓൺലൈനിലും നേരിട്ടുമായി സമ്മിശ്ര ക്ലാസുകൾ നടത്താനാണ് ആലോചിക്കുന്നത്. അന്തിമ തീരുമാനം എടുത്തിട്ടില്ല. 

രാജ്യത്തെ ആരോഗ്യ സ്ഥിതി നിയന്ത്രണ വിധേയമായി കൊണ്ടിരിക്കുകയാണ്. ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ സ്കൂളുകളില്‍ വെച്ച് നടത്തുവാന്‍ അനുമതി നല്‍കുമെന്നും വാര്‍ത്തകളുണ്ട്. ജന ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിന്‍റെ ഭാഗമായി  അഞ്ചാം ഘട്ടം അടുത്ത ദിവസങ്ങളില്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. വരും മാസങ്ങളില്‍ കോവിഡ് വ്യാപനം കുറച്ച് കൊണ്ടുവന്ന് കുട്ടികളെ അക്ഷരമുറ്റത്തേക്ക് തിരിച്ചെത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കോവിഡ് വ്യാപന സാധ്യതകൾ കൂടി കണക്കിലെടുത്ത് സ്കൂളുകൾ എപ്പോൾ തുറക്കണമെന്ന്  ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും സര്‍ക്കാര്‍ തീരുമാനിക്കുകയെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അതിനിടെ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പാഠ്യക്രമം 30 ശതമാനം വെട്ടിചുരുക്കാന്‍ സിബിഎസ്ഇ ബോ‍‍ർഡ് തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി രമേഷ് പൊക്രിയാൽ വ്യക്തമാക്കിയിട്ടുണ്ട്. ഒന്‍പത് മുതല്‍ പ്ലസ്ടൂ വരെയുള്ള ക്ലാസുകളുടെ 2020-21 അധ്യയന വര്‍ഷത്തിലെ സിലബസ്  വെട്ടിച്ചുരുക്കുവാന്‍ തീരുമാനിച്ചത് ഗള്‍ഫിലടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യന്‍  വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാണ്. 

Related News