ആഭ്യന്തരമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം തള്ളി

  • 10/09/2020

കുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സലായ്‌ക്കെതിരായ അവിശ്വാസ പ്രമേയം കുവൈറ്റ് ദേശീയ അസംബ്ലി വോട്ടിനിട്ട് തള്ളി. പ്രമേയത്തെ 32 പേര്‍ എതിര്‍ത്തപ്പോള്‍ 16 അംഗങ്ങള്‍ അനുകൂലിച്ചു. എം‌പിമാരായ മുഹമ്മദ് അൽ മുത്തൈർ, അഡെൽ അൽ-ദാംഖി, ഖാലിദ് അൽ-ഒതൈബി, തമർ അൽ-സുവൈറ്റ്, അബ്ദുൽ കരീം അൽ കന്ദേരി, നായിഫ് അൽ മെർദാസ്, ഹംദാൻ അൽ അസ്മി, അബ്ദുല്ല ഫഹദ് , ഷുയിബ് അൽ മുവൈസ്രി, മുഹമ്മദ് ഹയീഫ് എന്നീവരായിരുന്നു കുറ്റവിചാരണ നോട്ടീസ് നല്‍കിയത്. നേരത്തെ വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ്​ അൽ ഹർബിക്കെതിരായ പ്രമേയവും പാര്‍ലിമെന്‍റ് തള്ളികളഞ്ഞിരുന്നു. 

ആഴ്ചകള്‍ക്ക് മുമ്പു ആഭ്യന്തരമന്ത്രിക്കെതിരെയും വിദ്യാഭ്യാസ മന്ത്രിക്കെതിരെയും കുറ്റവിചാരണ നോട്ടീസ്  അവതരിപ്പിച്ചിരുന്നെങ്കിലും പാര്‍ലിമെന്‍റിന്‍റെ  പിന്തുണ ലഭിച്ചിരുന്നില്ല. അടിക്കടി മന്ത്രിമാർക്കെതിരെ പാര്‍ലിമെന്‍റ് അംഗങ്ങള്‍  അവിശ്വാസ പ്രമേയം നല്‍കുന്നത് വരാന്‍ പോകുന്ന തിരഞ്ഞടുപ്പ് ലക്കാക്കിയാണെന്ന് ഭരണപക്ഷം ആരോപിച്ചു. കുറ്റവിചാരണ എന്നാൽ കുവൈത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെ മന്ത്രിമാരെ പാർലമെൻ‌റിൽ ചോദ്യം ചെയ്യുന്നതിന് അംഗങ്ങൾക്കുള്ള അധികരമാണ് കുറ്റവിചാരണ. നിയമവ്യവസ്ഥയനുസരിച്ച് ഏത് അംഗത്തിനും മന്ത്രിമാരെ കുറ്റവിചാരണ ചെയ്യാം. നിശ്ചിത കാരണങ്ങൾ വ്യക്തമാക്കിയാണ് അത് സംബന്ധിച്ച് നോട്ടീസ് നൽകേണ്ടത്. നോട്ടീസ് ലഭിക്കുന്നപക്ഷം നിശ്ചിത ദിവസങ്ങൾക്ക് ശേഷമാകും അത് പാർലമെൻ‌റ് പരിഗണിക്കുക.

നോട്ടീസിന്മേലുള്ള ചർച്ചയിൽ നോട്ടീസ് നൽകിയ അംഗത്തിനും ബന്ധപ്പെട്ട മന്ത്രിക്കും വിശദീകരണത്തിന് അവസരം നൽകും. ഇരുപക്ഷത്ത് നിന്നും തുല്യ എണ്ണം അംഗങ്ങൾക്കും അവസരമുണ്ടാകും. ചർച്ച പൂർത്തിയാകുന്നതോടെ നടപടികൾ പൂർത്തിയായി. വോട്ടെടുപ്പൊന്നും ഇല്ല. കുറ്റവിചാരണയുടെ പേരിൽ മന്ത്രി രാജിവക്കേണ്ടതുമില്ല. എന്നാൽ കുറ്റവിചാരണ പൂർത്തിയാക്കിയ ഉടനെ മന്ത്രിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ അംഗങ്ങൾക്ക് അവകാശമുണ്ട്. ചുരുങ്ങിയത് 10 അംഗങ്ങൾ അവിശ്വാസ പ്രമേയത്തിൽ ഒപ്പുവക്കുകയും വേണം.നിശ്ചിത ദിവസങ്ങൾക്ക് ശേഷമാകും അവിശ്വാസ പ്രമേയവും ചർച്ച ചെയ്യുക. അവിശ്വാസ പ്രമേയ ചർച്ചക്കൊടുവിൽ വോട്ടെടുപ്പ് ഉണ്ടാകും. വോട്ടെടുപ്പ് ഫലത്തിൻ‌റെ അടിസ്ഥാനത്തിലാകും മന്ത്രിസ്ഥാനത്തിൻ‌റെ ഭാവി. അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന സാഹചര്യമുണ്ടായാൽ അത് പരിഗണിക്കുന്നതിനോ വോട്ടെടുപ്പിനോ മുൻപ് ബന്ധപ്പെട്ട മന്ത്രി രാജിവക്കാറാണ് പതിവ്.

Related News