ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് കുവൈത്ത് ഇന്ത്യന്‍ എംബസ്സിയില്‍ തുടക്കമായി

  • 11/09/2020

കുവൈത്ത് സിറ്റി : ആത്മനിര്‍ഭര്‍ ഭാരത് പരിപാടികള്‍ക്ക് കുവൈത്ത് ഇന്ത്യന്‍ എംബസ്സിയില്‍ തുടക്കമായി.കഴിഞ്ഞ ദിവസം നടന്ന ചടങ്ങ് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് ഉല്‍ഘാടനം ചെയ്തു. ഉല്‍ഘാടനത്തോട് അനുബന്ധിച്ച്  കുവൈത്തിലെ വ്യാപാര രംഗത്തെ പ്രമുഖരും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ  മുതിർന്ന ഉദ്യോഗസ്ഥരും  റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ, ഓൾ ഇന്ത്യ ഫുഡ് പ്രോസസ്സേഴ്‌സ് അസോസിയേഷൻ, ഫ്രഷ് വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട്സ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ, ഓൾ ഇന്ത്യ മീറ്റ് & ലൈവ്‌സ്റ്റോക്ക് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ, അസോസിയേഷൻ ഓഫ് ഇന്ത്യൻ ഓർഗാനിക് ഇൻഡസ്ട്രി പ്രതിനിധികളും തുടങ്ങി നൂറിലധികം പേർ പങ്കെടുത്ത ഓണ്‍ലൈന്‍ മീറ്റിംഗും സംഘടിപ്പിച്ചിരുന്നു.  ‘പ്രതിസന്ധി ഘട്ടത്തിലെ പ്രത്യേക പങ്കാളിത്തവും അതിനപ്പുറവും’ മെന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ നിരവധി പേര്‍ പങ്കെടുത്തു. 

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കൂടുതല്‍  ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കൂടുതല്‍ പദ്ധതികള്‍ ആലോചിക്കുന്നതായും രാജ്യത്തിന്‍റെ വ്യവസായിക പുരോഗതി ലക്ഷ്യമിട്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെക്കുറിച്ചും അംബാസിഡര്‍ വിശദീകരിച്ചു. ആഗോള അടിസ്ഥാനത്തില്‍ തന്നെ കാര്‍ഷിക മേഖലയില്‍ വന്‍ കുതിച്ച്ചാട്ടമാണ് നടത്തുന്നതെന്നും ഭക്ഷ്യ, അനുബന്ധ ഉൽ‌പന്നങ്ങളുടെ കയറ്റുമതിക്ക് ഇന്ത്യയില്‍ വലിയ സാധ്യതയാണ് ഉള്ളതെന്നും സിബി ജോര്‍ജ് പറഞ്ഞു. കോവിഡ് വ്യാപനം ലോകത്തെ  അതിരൂക്ഷമായി ബാധിച്ചിരിക്കുകയാണ്. 

കൊവിഡ് പ്രതിസന്ധിയെ ഇന്ത്യ ധീരതയോടെയാണ് നേരിട്ടത്. അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തുക, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, മനുഷ്യവിഭവശേഷി പരിപോഷിപ്പിക്കല്‍, ശക്തമായ വിതരണ ശൃംഖല സൃഷ്ടിക്കല്‍ എന്നിവയിലൂടെ രാജ്യത്തിന്റെ സാമ്പത്തികരംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കാനാണ് ആത്മനിര്‍ഭര്‍ ഭാരത് ലക്ഷ്യമിടുന്നതെന്ന് അംബാസിഡര്‍ പറഞ്ഞു. 

കൃഷിയാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ പ്രധാന ഘടകം. കാര്‍ഷിക മേഖലയുടെ ഇടപെടലിലൂടെയാണ് കുവൈറ്റിലെ ആത്മനിര്‍ഭര്‍ ഭാരത് പരിപാടികളുടെ തുടക്കം കുറിക്കുന്നതെന്നത് സന്തോഷം പകരുന്ന കാര്യമാണ്. കര്‍ഷകരെ ഉത്പാദകരും സംരഭകരുമാക്കുക എന്നതാണ് കാര്‍ഷിക മേഖലയിലെ സ്വാശ്രയത്വം കൊണ്ട് ലക്ഷ്യമിടുന്നത്.സമീപവര്‍ഷങ്ങളില്‍, ഇന്ത്യ ചരിത്രപരമായ നിരവധി കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. മറ്റ് വ്യവസായങ്ങളെപ്പോലെ, ഇപ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ രാജ്യത്ത് എവിടെയും മികച്ച വില ലഭിക്കുന്നിടത്ത് വില്‍ക്കാന്‍ കഴിയുമെന്നും സിബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഏറെ പഴക്കമുണ്ട്. പരമ്പരാഗതവും ശക്തവുമായ വ്യാപാരം ഘടകം ഇരുരാജ്യങ്ങള്‍ക്കും ഇടയിലുണ്ട്. കുവൈറ്റിന്റെ മികച്ച വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യയെന്നും സ്ഥാനപതി വ്യക്തമാക്കി.ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ പേരു കേട്ടതാണ്. ഇതിന്റെ ഗുണനിലവാരം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതുമാണ്. 

നിലവിലുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും കൃഷിയിലും അനുബന്ധ മേഖലകളിലും പ്രത്യേക പങ്കാളിത്തം ഉറപ്പുവരുത്തന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും എല്ലാവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സിബി ജോര്‍ജ് പറഞ്ഞു.

കേന്ദ്ര വാണിജ്യ, കാര്‍ഷിക മന്ത്രാലയത്തിന്റെ ട്രേഡ് അഡൈ്വസര്‍ ശുഭ്ര, എപിഇഡിഎ ചെയർമാൻ ദിവകർ നാഥ് മിശ്ര എന്നീവര്‍ ചടങ്ങില്‍ സംസാരിച്ചു. പദ്ധതിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യം പ്രകടിപ്പിച്ച കമ്പനികളുടെ പട്ടികയും ഉല്‍പ്പന്നങ്ങളുടെ വിവരങ്ങളും അടങ്ങിയ കാറ്റലോഗ് സ്ഥാനപതിയും എപിഇഡിഎ ചെയര്‍മാനും ചേര്‍ന്ന് പുറത്തിറക്കി. 

കുവൈറ്റില്‍ നിന്ന് ലുലു ഗ്രൂപ്പ്, സിറ്റി സെന്റര്‍, ഓങ്കോസ്റ്റ്, അല്‍ അയീസ് ട്രേഡിംഗ് കമ്പിന എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ കാര്‍ഷിക എക്‌സ്‌പോര്‍ട്ടേഴ്‌സുമായുള്ള ബന്ധം തുടരുന്നതിലും പുതിയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലും കുവൈത്തിലെ കമ്പിനികള്‍ താത്പര്യം പ്രകടിപ്പിച്ചു.

Related News