കൊലപാതകശ്രമത്തിൽനിന്ന് രക്ഷപ്പെട്ട് ചികിത്സയിലിരുന്ന സ്വദേശി യുവതിയെ സഹോദരൻ ആശുപത്രിയിൽ വച്ച് വെടിവച്ചു കൊന്നു.

  • 11/09/2020

കുവൈറ്റ് സിറ്റി: മുബാറക് അൽ കബീർ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗംത്തിൽ ചികിത്സയിലിരുന്ന 30 വയസ്സുള്ള സ്വദേശി യുവതിയെ സഹോദരൻ വെടിവെച്ചുകൊന്നു. രണ്ടു ദിവസം മുൻപ് മൂത്ത സഹോദരൻ സാൽവയിലെ വീട്ടിൽനിന്ന് തോക്ക് ഉപയോഗിച്ചു നടത്തിയ കൊലപാതക ശ്രമത്തിൽനിന്ന് യുവതി കഷ്ട്ടിച്ചു രക്ഷപ്പെട്ട്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു, അവിടെവച്ചാണ് ഇളയ സഹോദരൻ യുവതിയെ വെടിവച്ചു കൊന്നത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു യുവതി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി ഇളയ സഹോദരനാണെന്ന് മനസിലായത്.കുവൈറ്റിലെ മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലിലെ ഐസിയുവിലാണ് അതിദാരുണമായ സംഭവം നടന്നത്. മൂത്ത സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. എങ്ങനെയാണ് ആയുധമായി ഇയാള്‍ക്ക് ഐസിയുവില്‍ പ്രവേശിക്കാനായതെന്ന് സംശയമുയരുന്നുണ്ട്. അതുപോലെ, എന്തുകൊണ്ട് ഐസിയുവില്‍ സംരക്ഷണം ഒരുക്കിയില്ലെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മാത്രം പ്രവേശിക്കാനാകുന്ന ഐസിയുവില്‍ പ്രതി തോക്കുമായി കയറിയത് ദുരൂഹതയുളവാക്കുന്നതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു. പ്രതിയെ പിടികൂടിയതായും പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ടെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ ഉപയോഗിച്ച വാഹനം ഹവല്ലി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വാഹനത്തിനുള്ളിൽ  വെടിയുണ്ടകളും  കണ്ടെത്തി.

Related News