പ്രേംസൺ കായംകുളത്തിന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.

  • 12/09/2020

മൂന്നര പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്ഥിരതാമസത്തിനായി നാട്ടിലേക്കുപോകുന്ന ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളത്തിന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.

1983 ഏപ്രിൽ മാസത്തിലാണ് പ്രേംസൺ കായംകുളം കുവൈറ്റിൽ പ്രവാസ ജീവിതം നയിച്ച് തുടങ്ങുന്നത്. പ്രവാസ ജീവിതത്തിലെ കഷ്ടതകളെയും സങ്കീര്ണതകളെയും തീക്ഷണമായ ജീവിതാനുഭവങ്ങൾ ആക്കിമാറ്റുകയും മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്താക്കിമാറ്റി കുടുംബത്തിന്റെ സ്വപ്‌നങ്ങൾ എല്ലാം തന്നെ പൂർത്തീകരിച്ചിട്ടാണ് നീണ്ട 37 വർഷത്തെ പ്രവാസത്തിനു വിരാമമിട്ടുകൊണ്ട് അദ്ദേഹം ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്നത്.

ഒരു കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിക്കുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ നാട്ടിൽ സജീവമായിരുന്ന കാലത്താണ് പ്രേംസൺ കായംകുളം കുവൈറ്റിൽ പ്രവാസ ജീവിതം ആരംഭിക്കുന്നത്. 
കോൺഗ്രസിന് പ്രവാസി സംഘടനകൾ വിരളമായിരുന്നു ആ കാലഘട്ടത്തിൽ വീക്ഷണം റീഡേഴ്സ് ഫോറം എന്ന സംഘടന രൂപീകരിക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അന്ന് മുതൽ ഇന്നു വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവപ്രവർത്തകൾ എന്ന നിലയിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ കുവൈറ്റിൽ ശക്തമാക്കുന്നതിനു നിർണായക പങ്കുവഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കുവൈറ്റിൽ ഒഐസിസി സംവിധാനം നിലവിൽ വന്നതുമുതൽ ഒഐസിസിയുടെ നാഷണൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി  പ്രവർത്തിക്കുകയായിരുന്നു. ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിപിൻ മങ്ങാട്ടിന്റെ അധ്യക്ഷതയിൽ മംഗഫിൽ നടന്ന ലളിതമായ ചടങ്ങിൽ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രേംസൺ കായംകുളത്തിനു കൈമാറി.യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ള, നാഷണൽ കമ്മിറ്റി നിർവാഹകസമിതി അംഗം അബ്ദുൽ റഹ്മാൻ പുഞ്ചിരി, മനോജ് റോയ് എന്നിവർ ആശംസകൾ നേർന്നുകൊണ്ടും  സംസാരിച്ചു. മറുപടി പ്രസംഗത്തിൽ തന്റെ ദീർഘമായ പ്രവർത്തനങ്ങൾക്ക് നൽകിയ സമുചിതമായ സ്വീകരണത്തിന്നും അംഗീകാരത്തിന്നും ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയോട് പ്രേംസൺ കായംകുളം നന്ദി പ്രകടിപ്പിച്ചു.

Related News