കുവൈത്ത് വിസയുള്ള നാലേകാല്‍ ലക്ഷം പ്രവാസികൾ രാജ്യത്തിന് വെളിയില്‍ കുടുങ്ങികിടക്കുന്നതായി മേജർ ജനറൽ അൻവർ അൽ ബർജാസ്

  • 13/09/2020

കുവൈത്ത് സിറ്റി : യാത്ര വിലക്ക് നിരോധമുള്ളതിനാല്‍ കുവൈത്ത് താമസ രേഖയുള്ള  നാല് ലക്ഷത്തിലേറെ പ്രവാസികള്‍ വിദേശത്ത് കുടുങ്ങി കിടക്കുകയാണെന്ന് റെസിഡൻസി അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസ് പറഞ്ഞു. 

താമസ രേഖ കാലാവധി കഴിഞ്ഞവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുവാന്‍ അനുവദിക്കില്ലെന്നും അല്‍ അന്‍ബ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റെസിഡൻസി നിയമവുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണ ഭേദഗതികള്‍ തയ്യാറായതായും അനുമതിക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സമര്‍പ്പിക്കുമെന്നും അൻവർ അൽ ബർജാസ് അറിയിച്ചു. 

രാജ്യത്തേക്ക് പ്രവേശിക്കുവാനുള്ള  തൊഴിൽ വിസ , ടൂറിസ്റ്റ് വിസ , ഓൺ അറൈവൽ വിസ തുടങ്ങീ  എല്ലാ തരം  വിസകള്‍ നല്‍കുന്നതും  താല്‍ക്കാലികമായി  നിര്‍ത്തിവെച്ചിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചേ ഈ വിഷയത്തില്‍ തീരമാനമെടുക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് അനധികൃതമായി കഴിയുന്ന നിയമലംഘകരെ പിടികൂടുവാന്‍ പ്രത്യേക കാമ്പയിന്‍ ഉടന്‍ ആരംഭിക്കുമെന്നും പിടികൂടുന്നവരെ മാതൃ രാജ്യങ്ങളിലേക്ക് നാടു കടത്തുമെന്നും ഇത്തരക്കാര്‍ക്ക് തിരികെ പുതിയ തൊഴില്‍ വിസയില്‍  കുവൈത്തിലേക്ക് മടങ്ങിവരുവാന്‍ സാധിക്കില്ലെന്നും മേജര്‍ ജനറല്‍ അന്‍വര്‍ പറഞ്ഞു. 

കുവൈത്തില്‍ ഏകദേശം ഒന്നേകാൽ ലക്ഷം വിദേശികൾ ഇഖാമയില്ലാതെ രാജ്യത്ത് തങ്ങുന്നുണ്ടെന്നാണ് കരുതുന്നത്. മാൻപവർ അതോറിറ്റി, മുനിസിപ്പാലിറ്റി, താമസകാര്യ വകുപ്പ് വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ടാസ്ക് ഫോഴ്സ് രുപീകരിക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പദ്ധതിയെന്നാണ് സൂചന. 

Related News