ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്ക് തുടരും. വിലക്കില്ലാത്ത രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് പ്രവേശിക്കാം

  • 13/09/2020

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്ര വിലക്ക് പ്രഖ്യാപിച്ച ഇന്ത്യയടക്കമുള്ള  32 രാജ്യങ്ങളില്‍ നിന്നുള്ള  നിരോധനം തുടരും. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രദേശികള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ വിലക്കുള്ള പട്ടികയില്‍  എപ്പോള്‍ വേണമെങ്കിലും പുതിയ  രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയോ ഇപ്പോഴുള്ളവ ഒഴിവാക്കപ്പെടുകയോ ചെയ്യുമെന്നാണ്  അധികൃതര്‍ അറിയിച്ചത് . കുവൈത്ത് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍ അനുസരിച്ചായിരിക്കും വാണിജ്യ വിമാന സര്‍വീസുകളുടെ കാര്യത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുകയെന്നാണ് സൂചന. 

അതേസമയം വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം നിരോധനമേര്‍പ്പെടുത്തിയ രാജ്യങ്ങളിലെ പൌരന്‍മാര്‍ക്ക്  കുവൈത്തിലേക്കുള്ള പ്രവേശനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.  രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്കിടയിൽ കോവിഡ്  കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ പ്രവേശനം വിലക്കുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായിരുന്നു. വിമാന യാത്രാ വിലക്കിന്റെ കാര്യത്തില്‍ ഓരോ രാജ്യങ്ങളിലെയും കൊവിഡ് വ്യാപനം കൂടുന്നതും കുറയുന്നതുമാണ് പരിഗണിക്കുന്നത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴുരാജ്യങ്ങളില്‍നിന്നു നേരിട്ട് വരുന്നവര്‍ക്കായിരുന്നു കുവൈത്ത് ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് രണ്ടു തവണയായി 23 രാജ്യങ്ങള്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തുകയായിരുന്നു.യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത് ട്രാവല്‍-ഹോട്ടല്‍  മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട് . 

നിരോധനം നീളുന്നത് മൂലം പതിനായിരത്തോളം ടിക്കറ്റുകളാണ് ഈ കാലയളവില്‍ മാത്രം  വിമാന കമ്പിനികള്‍ മടക്കിനല്‍കേണ്ടി വന്നത്. നേരിട്ടുള്ള പ്രവേശനം നിരോധിക്കുകയും മാറ്റൊരു  രാജ്യം വഴി പ്രവാസികളെ  പ്രവേശിക്കാൻ അനുവദിക്കുകയും ചെയ്യുന്നത്  രാജ്യത്തെ ട്രാവല്‍ മേഖലക്ക് ലഭിക്കേണ്ട അവസരമാണ് നിഷേധിക്കുന്നത്. ആരോഗ്യ അധികാരികളുടെ തീരുമാനം സാമ്പത്തിക പ്രതിസന്ധിക്കും വിമാന കമ്പിനികള്‍ക്കും ട്രാവൽ ഓഫീസുകൾക്കും വലിയ നഷ്ടം വരുത്തുമെന്നും ട്രാവല്‍  മേഖലയില്‍ ജോലി ചെയ്യുന്നവര്‍ അഭിപ്രായപ്പെട്ടു. 

Related News