ഇറാഖ് കുവൈത്ത് അധിനിവേശത്തിൽ കാണാതായ 21 കുവൈറ്റ് പൗരന്മാരുടെ ഭൗതികാവശിഷ്‌ടങ്ങള്‍ കണ്ടെത്തി

  • 16/09/2020

കുവൈത്ത് സിറ്റി : ഇറാഖ് കുവൈത്ത് അധിനിവേശത്തിൽ കാണാതായ 21 കുവൈറ്റ് പൗരന്മാരുടെ  ഭൗതികാവശിഷ്‌ടങ്ങള്‍  ബാഗ്ദാദിലെ കുവൈറ്റ് എംബസിക്ക് നല്‍കി .കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് ഇറാഖ് സേന പിടിച്ചു കൊണ്ടു പോയ കുവൈത്തികളുടെ  ഭൗതികാവശിഷ്‌ടങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇറാഖിലെ പ്രതിരോധ മന്ത്രാലയവും ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിയും യുഎൻ അസിസ്റ്റൻസ് മിഷൻ ഇൻ ഇറാഖ് പ്രതിനിധികളും അടങ്ങുന്ന സംഘമാണ്  ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കുവൈത്ത് അധികൃതര്‍ക്ക് കൈമാറിയത്. 1990-ല്‍ കാണാതായവരില്‍ കുവൈത്ത് സ്വദേശികളും അല്ലാത്തവരുമുണ്ട്. യുദ്ധ തടവുകാരായി പിടിച്ചവരെ കൂട്ടത്തോടെ കൊലപ്പെടുത്തി മരുഭൂമിയില്‍ കുഴിച്ചിട്ടതാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍.ഇത്തരത്തില്‍  നിരവധി  യുദ്ധ തടവുകാരെയാണ് കുവൈത്തില്‍ നിന്നും കാണാതായത്. 639 എണ്ണക്കിണറുകൾക്കാണ് ഇറാഖ് സൈന്യം തീയിട്ടത്. 2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്. പതിനായിരങ്ങൾക്ക് പരിക്കേറ്റു. കാണാതായവരെ കുറിച്ച് ഇപ്പോഴും അന്വേഷണങ്ങള്‍ നടക്കുകയാണ്. 

പ്രാഥമിക സൂചനകൾ അനുസരിച്ച് ഭൗതികാവശിഷ്‌ടങ്ങള്‍ തെക്കൻ ഇറാഖിലെ സമാവ മരുഭൂമിയിൽ നിന്ന് കാണാതായ കുവൈറ്റ് തടവുകാരുടേതാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും എംബസ്സി ചാർജ് ഡി അഫയേഴ്സ് മുനദ് അൽ വുക്കയ്യൻ അറിയിച്ചു. ഇറാഖില്‍ നിന്നും മുമ്പ് കണ്ടെത്തിയ കാണാതായ കുവൈത്തികളുടെ മൃതദേഹങ്ങള്‍ ഡി എന്‍ എ പരിശോധന നടത്തി കുവൈത്തിലെത്തിച്ചു മറവു ചെയ്യുകയായിരുന്നു.

Related News