കോവിഡ് കേസുകള്‍ ഉയരുന്നു; കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താന്‍ ആലോചനയെന്ന് സൂചന

  • 16/09/2020

കുവൈത്ത് സിറ്റി : രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വീണ്ടും ഭാഗികമായോ പൂർണ്ണമായോ കർഫ്യൂ ഏർപ്പെടുത്താനോ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുവാനോ  സാധ്യതകള്‍ നിലനില്‍ക്കുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനത്തിനെതിരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് രാജ്യത്തെ ജന ജീവിതം സാധാരണഗതിയിലേക്ക് മാറിക്കൊണ്ടിരിക്കെ പ്രതിദിന കേസുകളില്‍ വന്ന വര്‍ദ്ധനയാണ് ഇത്തരമൊരു നീക്കത്തിന് കാരണം.

നിലവില്‍ കോവിഡ്  നിയന്ത്രണ വിധേയമാണെങ്കിലും കൊറോണ വൈറസ് രോഗികളുടെ എണ്ണം കുതിച്ച് ഉയര്‍ന്നാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. കര്‍ശനമായ നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരുന്നതിലൂടെ ആളുകൾ തമ്മിൽ കൂടിച്ചേരുന്നതിനുള്ള സാധ്യത കുറക്കാനും  അതുവഴി വൈറസ് രോഗം അതിവേഗം പടരുന്നത് തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിദിന കേസുകള്‍  കൂടി വരുന്നതിനാല്‍ വിവിധ വകുപ്പുകളോട്  കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിച്ചിട്ടുണ്ട് . ഇതിനുള്ള നടപടികള്‍ ആരോഗ്യ മന്ത്രാലയം ഇതിനോടകം തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരി ഇനിയും അവസാനിച്ചിട്ടില്ലെന്നും നിലവിലെ സൂചനകള്‍ രണ്ടാം തരംഗത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ആരോഗ്യ, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.പുറത്തേക്ക് പോകുമ്പോള്‍  മുഖംമൂടി ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈകഴുകുക, ഉപരിതലങ്ങൾ വൃത്തിയാക്കുക തുടങ്ങിയവ ജീവതത്തിന്‍റെ ചിട്ടയാക്കണമെന്നും ആരോഗ്യ പ്രതിരോധം മാത്രമാണു കോവിഡിനെതിരെയുള്ള ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത്  ആശുപത്രി കേസുകളും  തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണവും കുറഞ്ഞുവരുന്നത് ആശ്വാസകരമാണ് . എങ്കിലും അലസത മൂലം ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍  പാലിക്കുന്നതിൽ അലംഭാവം കാണിച്ചാല്‍ വലിയ വിലയായിരിക്കും നമ്മള്‍ നാല്‍കേണ്ടിവരികയെന്ന്  അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

Related News