അധ്യാപക ക്ഷാമം രൂക്ഷം ; വിദ്യാഭ്യാസ മന്ത്രാലയം പ്രതിസന്ധിയിലേക്ക്

  • 17/09/2020

കുവൈത്ത് സിറ്റി : കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത അധ്യാപക ക്ഷാമം നേരിടുന്ന  വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക വിമാനം സർവീസ് നടത്തുവാന്‍ നീക്കം. കൊറോണ വ്യാപനത്താല്‍ ഈജിപ്ത്  അടക്കമുള്ള  വിദേശ രാജ്യങ്ങളിലെ വ്യോമ ഗതാഗതം നിരോധിച്ചതിനെ തുടര്‍ന്ന്  3,500 ഓളം അധ്യാപകരാണ് അവരുടെ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. 

നേരത്തെ തന്നെ രാജ്യത്തെ വിവിധ വിദ്യാഭ്യാസ ജില്ലകളില്‍ അധ്യാപകരുടെ ഒഴിവുകള്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് കൊറോണ പ്രതിസന്ധി ഉടലെടുത്തത്. അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായി ടുണീഷ്യ, ജോര്‍ദാന്‍, പലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നും പുതിയ റിക്രൂട്ടുമെന്‍റുകള്‍ നടത്തിയെങ്കിലും ഭൂരിപക്ഷം പേര്‍ക്കും കുവൈത്തില്‍ എത്തുവാന്‍ കഴിഞ്ഞിരുന്നില്ല. 

അഹ്മദി വിദ്യാഭ്യാസ ജില്ലയിൽ 900 അധ്യാപകരും  ജഹ്‌റ വിദ്യാഭ്യാസ ജില്ലയിൽ 400 അധ്യാപകരും ഹവല്ലി  വിദ്യാഭ്യാസ ജില്ലയിൽ 700 അധ്യാപകരും ഫർവാനിയ വിദ്യാഭ്യാസ ജില്ലയിൽ 450 അധ്യാപകരുമാണ് അവധിയില്‍ നിന്നും മടങ്ങി വരാനുള്ളത്. അതിനിടെ അധ്യാപകരെ എത്തിക്കുവാന്‍ സ്പെഷ്യല്‍ വിമാന സര്‍വീസുകള്‍ നടത്തുവാനും പദ്ധതിയുണ്ട്. 

ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പുമായും ആരോഗ്യ വകുപ്പുമായും ചര്‍ച്ചകള്‍ നടത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മടങ്ങിവരുന്ന അദ്ധ്യാപകര്‍ സ്വന്തം നിലയില്‍ 14 ദിവസം  ഹോട്ടലിൽ ക്വാറൻറൈൻ പ്രവേശിക്കണം.  വിസാ കാലാവധി കഴിഞ്ഞ അധ്യാപകർക്ക് രാജ്യത്തേക്ക് മടങ്ങുവാന്‍  ആവശ്യമായ സൌകര്യങ്ങള്‍ നല്‍കുവാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും അല്‍ ജരീദ പത്രം റിപ്പോര്‍ട്ട് ചെയ്തു. 

Related News